ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ മിക്ക ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജർമനിയിൽ നിന്ന് ഓക്സിജൻ ഉത്പാദന പ്ലാന്‍റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ആര്‍മ്ഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 23 മൊബൈൽ ഓക്സിജൻ ഉത്പാദന പ്ലാന്‍റുകൾ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യും. കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന എഎഫ്എംഎസ് ആശുപത്രികളിൽ ഇവ വിന്യസിക്കും. ബാക്കിയുള്ളവ ഒരാഴ്ചയ്ക്കുള്ളിൽ പ്രതീക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ തയ്യാറെടുപ്പുകളും നിലവിലെ കൊവിഡ് ചെറുത്തുനില്‍പ്പിനെക്കുറിച്ചും അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
Also Read: കൊവിഡ്-19: 'വിരാഫിൻ' മരുന്നിന് അനുമതി നൽകി ഡിസിജിഐ
അതേസമയം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,32,730 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയിലെ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,62,63,695 ആയി.