ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്‌ച മാത്രം 57 ലക്ഷത്തിലധികം പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 44,10,57,103 ആയി ഉയർന്നു.
18 മുതൽ 44 വയസിനിടയിലുള്ള 14,19,55,995 പേർക്കാണ് രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്. കൂടാതെ, വാക്‌സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതിനുശേഷം മൊത്തം 65,72,678 പേർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങൾ 18നും 44നും ഇടയിൽ പ്രായമുള്ള ഒരു കോടിയിലധികം പേർക്കാണ് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയത്.
Also Read: 'പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ല' ; കുത്തിവയ്പ്പ് മുടങ്ങുമെന്ന് വീണ ജോര്‍ജ്
കേരളം, ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്‌ഗഡ്, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ 18നും 44നും ഇടയിൽ പ്രായമുള്ള 10 ലക്ഷത്തിലധികം പേരിലേക്കും വാക്‌സിൻ ഡോസുകൾ എത്തിച്ചു.
തിങ്കളാഴ്‌ച രാജ്യത്ത് 39,361 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്‌ചത്തെ 2.31 ശതമാനത്തിൽ നിന്ന് 3.41 ശതമാനമായി ഉയർന്നിരുന്നു.
നിലവിൽ, രാജ്യത്ത് 4,11,189 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്‌ച മാത്രം 416 മരണങ്ങളും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് തിങ്കളാഴ്‌ച 35,968 രോഗികൾ സുഖം പ്രാപിച്ചിട്ടുമുണ്ട്.