ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് വിവരം. ഏപ്രില്‍ 19നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇത് പലതവണ നീട്ടി. അവസാനമായി മെയ് 16നാണ് നീട്ടിയത്. 24 മണിക്കൂറിനിടെ നഗരത്തിൽ 2200 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനമായി കുറഞ്ഞുവെന്ന് അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനര്‍ഥം കൊവിഡ് ഇല്ലാതായി എന്നല്ലെന്നും കൊവിഡ് പ്രതിരോധത്തിന് ഇനിയും ശ്രദ്ധ വേണമെന്നും കൊവിഡ് രണ്ടാം തരംഗം മാരകമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
Read Also………ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 2260 പേര്‍ക്ക് രോഗബാധ
കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ ഡല്‍ഹിയിൽ നിന്നുള്ള 68 ശതമാനം പേർ ലോക്ക് ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ചുവെന്ന് സ്ഥാപകൻ സച്ചിൻ തപാഡിയ പറഞ്ഞു. ലോക്ക് ഡൗൺ നീട്ടുന്നതിനെച്ചൊല്ലി വ്യാപാരികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളതെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ബ്രിജേഷ് ഗോയൽ പ്രതികരിച്ചു. ഡല്‍ഹിയിലെ അന്‍പത് ശതമാനം വ്യാപാരികളും ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടുന്നതിനെ അനുകൂലിക്കുന്നുവെന്നും ബാക്കി 50 ശതമാനം പേർ ഒഴിവാക്കുന്നതിനെ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.