കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പശ്ചിമബംഗാളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് ഇതുവഴി അടഞ്ഞു പോയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 1 വര്‍ഷത്തോളമായി കൊവിഡ് പ്രതിസന്ധി കാരണം മാൽഡ പട്ടണത്തിലെ സെക്കൻഡ് ഹാൻഡ് പുസ്തക വിൽപ്പനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 50 ശതമാനം കിഴിവിൽ പോലും പുസ്തകങ്ങൾ വാങ്ങാൻ ആളുകളില്ല. ഇതിന്‍റെ പ്രധാന കാരണം കൊവിഡ് ഒന്നാം തരംഗത്തില്‍ തന്നെ സംസ്ഥാനത്തുടനീളം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടത് തന്നെ. ഈ സാഹചര്യത്തില്‍ സെക്കൻഡ് ഹാൻഡ് പുസ്തക വില്‍പ്പനക്കാരുടെ ജീവിതം ഇരുട്ടിലാഴ്ന്നിരിക്കുകയാണ്. അന്നത്തെ അന്നത്തിനായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടത്തുകാര്‍.
Also Read: കൊവിഡ് രോഗികള്‍ക്കായി ഓട്ടോ തൊഴിലാളികളുടെ 'ജുഗാഡ് ആംബുലന്‍സ്'
സെക്കൻഡ് ഹാൻഡ് പുസ്തക വിൽപ്പനക്കാരുടെ കടകൾ പ്രധാനമായും മാൾഡ പട്ടണത്തിലെ ഫൊവാറ ക്രോസിംഗുകളിലും സുവങ്കർ ചിൽഡ്രൻസ് പാർക്കിലുമാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇത്തരത്തിലുള്ള 20 താൽക്കാലിക കടകൾ പ്രദേശത്തുണ്ട്. 50 ശതമാനം വിലക്കുറവിലാണ് ഇപ്പോള്‍ പുസ്തകങ്ങള്‍ വിൽക്കുന്നത്. മുന്‍പ് അക്കാദമിക് വർഷങ്ങളുടെ തുടക്കത്തിൽ നല്ല കച്ചവടം നടന്നു കൊണ്ടിരുന്നതാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പുസ്തകം വാങ്ങിക്കാനായി ഇവിടെ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്ലാം മാറി. മിക്ക പുസ്തക ശാലകളും ശൂന്യമായി കിടക്കുകയാണ്. പലരും ഈ തൊഴില്‍ വിട്ട് മറ്റ് പല ജോലികളും ചെയ്യാന്‍ തുടങ്ങി.
Also Read: കൊവിഡിനെ തോൽപ്പിച്ച് ഒരു കുടുംബത്തിലെ 13 പേർ
“കച്ചവടം മുന്‍പ് നല്ല ലാഭത്തിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കട തുറന്നാല്‍ പത്രം വായിച്ചിരുന്ന് സമയം കളയുകയാണ് പതിവ്. പല ദിവസങ്ങളിലും ഒരു പുസ്തകം പോലും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്”സെക്കൻഡ് ഹാൻഡ് പുസ്തക വിൽപ്പനക്കാരനായ റാം റേ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ കടകൾ തുറക്കാൻ സര്‍ക്കാര്‍ അനുവാദമുണ്ട്. എങ്കിലും കച്ചവടം നഷ്ടത്തിലാണ്. മുമ്പ് ശരാശരി ദൈനംദിന ബിസിനസ്സ് 3,000 രൂപയായിരുന്നു. എന്നാല്‍ ഇപ്പോൾ 100 രൂപ പോലും കിട്ടുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുന്നതും, ഓൺലൈൻ വഴി പഠനം നടത്തുന്നതുമാണ് ബിസിനസ് തകരാന്‍ കാരണമായതെന്ന് കച്ചവടക്കാരനായ സ്വപൻ മൊണ്ടാൽ പറഞ്ഞു.