ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഡല്‍ഹിയില്‍ 4550ലധികം കണ്ടെയ്‌മെന്‍റ് സോണുകള്‍. ഏറ്റവും കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ സൗത്ത് വെസ്റ്റ് ജില്ലയിലും( 743) , കുറവ് നോര്‍ത്ത് ഈസ്റ്റ് ജില്ലയിലുമാണ് (143). ഔദ്യോഗിക കണക്കുകള്‍ പ്രകാരം 6 ജില്ലകളില്‍ നാനൂറിലധികം കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ നിലവിലുണ്ട്. ഒക്‌ടോബര്‍ 28 മുതല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. നവംബര്‍ 11ന് എട്ടായിരത്തിലേറെ കേസുകള്‍ തലസ്ഥാനത്ത് സ്ഥിരീകരിച്ചു. ബുധനാഴ്‌ച 7486 കേസുകള്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കൊവിഡ് നിരക്ക് 5 ലക്ഷം കടന്നു. അന്നേദിവസം 131 പേര്‍ കൂടി തലസ്ഥാനത്ത് മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്.
റവന്യൂ വകുപ്പിന്‍റെ കണക്കു പ്രകാരം തലസ്ഥാനത്ത് 4560 കണ്ടെയ്‌ന്‍മെന്‍റ് സോണുകളുണ്ട്. ന്യൂഡല്‍ഹിയില്‍ 264, ഷഹ്‌ദ്ര ജില്ലയില്‍ 249, നോര്‍ത്ത് ഡല്‍ഹിയില്‍ 202, ഈസ്റ്റ് ഡല്‍ഹിയില്‍ 184 സോണുകളും നിലവിലുണ്ട്. അതേസമയം കണ്ടെയ്‌ന്‍മെന്‍റ് സോണിലെ വീടുകളില്‍ കൊവിഡ് പരിശോധന നടത്താനായി സര്‍വെ ആരംഭിച്ചു. 57ലക്ഷം ആളുകളെ ലക്ഷ്യമിട്ടാണ് അഞ്ച് ദിവസം നീളുന്ന സര്‍വെ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 7546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, 98 പേര്‍ മരിക്കുകയും ചെയ്‌തു.
ഡല്‍ഹിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 2000 പിഴ പ്രഖ്യാപിക്കുകയും, സ്വകാര്യ ആശുപത്രികളില്‍ 80 ശതമാനം ഐസിയു സംവരണവും, പരിശോധന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിപ്പിക്കുകയും ചെയ്‌തിരുന്നു.