ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിൻ വിതരണം രാജ്യത്ത് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 75 ശതമാനത്തോളം ആരോഗ്യപ്രവര്‍ത്തകരും വാക്‌സിൻ സ്വീകരിച്ചു.
ആദ്യ ഡോസ് മരുന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഇത് വരെ 1,14,24,094 പേര്‍ക്കാണ് മരുന്ന് നല്‍കിയത്. ഇതില്‍ 75,40,602 പേർ ആരോഗ്യപ്രവര്‍ത്തകരാണ്. 64,25,060 പേർക്ക് ആദ്യ ഡോസും 11,15,542 പേർക്ക് രണ്ടാമത്തെ ഡോസും നല്‍കിയിട്ടുണ്ട്. 38,83,492 ആരോഗ്യപ്രവര്‍ത്തകരും മരുന്ന് സ്വീകരിച്ചു. നാഗാലാൻഡ്, പഞ്ചാബ്, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അമ്പത് ശതമാനത്തില്‍ താഴെ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമേ മരുന്ന് സ്വീകരിച്ചിട്ടുള്ളു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തരാഖണ്ഡ്, ലഡാക്ക്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുതിയ കേസുകളിൽ 86.3 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗവ്യാപനം ശക്തമാണ്.