ഹൈദരാബാദ് : മോചനദ്രവ്യം ആവശ്യപ്പെട്ട് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ബന്ധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റില്‍. ഹൈദരാബാദിലെ സൈബറാബാദിലാണ് സംഭവം. സുരേന്ദ്ര ബാബു എന്ന 32കാരനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ബന്ധുവായ 23കാരി നികിതയുടെ സഹായത്തോടെ ഒരു കുപ്രസിദ്ധ ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ചത്.
നികിത, കാമുകൻ വെങ്കട് കൃഷ്‌ണ (28), സുഹൃത്തുക്കളായ സുരേഷ് (31), രാമഗില രാജു (20), ഷിൻഡെ രോഹിത് (19) എന്നിവരാണ് ഞായറാഴ്‌ച അറസ്‌റ്റിലായത്. രണ്ട് പ്രതികൾ ഒളിവിലാണ്. പ്രതികൾക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഭോജഗുട്ട സ്വദേശിയായ സുരേഷാണ് തട്ടിക്കൊണ്ടുപോകലിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തട്ടിക്കൊണ്ടുപോകലുകള്‍ ഉൾപ്പടെ 22 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സുരേന്ദ്ര ബാബുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട ശേഷം ഇത് വെങ്കട് കൃഷ്‌ണയുമായും നികിതയുമായും പങ്കുവയ്ക്കുകയായിരുന്നു. പ്രതിവർഷം ഒരു കോടിയിലധികം ശമ്പളം വാങ്ങുന്ന സുരേന്ദ്ര അടുത്തിടെ പുതിയ വീട് വാങ്ങിയിരുന്നു. ഇയാളുടെ കൈവശം ധാരാളം പണമുണ്ടെന്ന അനുമാനത്തിലാണ് സുരേഷ് തട്ടിക്കൊണ്ടുപോകൽ പദ്ധതി തയ്യാറാക്കിയത്.
കുറേ നാളുകളായി സുരേന്ദ്രയുടെ വീടും ജോലിസ്ഥലവും സുരേഷ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനുശേഷം പലവട്ടം തട്ടിക്കൊണ്ടുപോകലിന് ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ വന്നു. ഇതോടെ നികിതയുടെ സഹായത്തോടെ സുരേന്ദ്രയെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോകാൻ തീരുമാനമെടുത്തു.
വ്യക്തിപരമായ പ്രശ്‌നം പങ്കുവയ്ക്കാനുണ്ടെന്ന കാരണം പറഞ്ഞ് സുരേന്ദ്രയെ ഖാജഗുഡ തടാകത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തിയശേഷം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിനുശേഷം നികിതയാണ് ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുറ്റവാളികളെപ്പറ്റി ഒരു സൂചനയും ഇല്ലെന്ന് അവൾ നടിച്ചു.
Also Read: ഡ്രൈവറും യാത്രക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്നും ചാടി വിദ്യാർഥിനികൾ
ഇതിനിടെ സുരേഷ് സുരേന്ദ്രയുടെ ഭാര്യയെ വിളിച്ച് രണ്ട് കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് തങ്ങളുടെ വാഹനം ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നത് മനസിലാക്കി മോചനദ്രവ്യം 20 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്‌തു. അതിനിടെ ഫോൺ കോളിലൂടെ സുരേഷിന്‍റെ സ്ഥലം മനസിലാക്കിയ പൊലീസ് പ്രദേശത്ത് പരിശോധന ആരംഭിച്ചു.
ഒടുവിൽ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ സുരേഷും സംഘവും സുരേന്ദ്രയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് സുരേഷിനെ പിടികൂടി ചോദ്യം ചെയ്‌തതിലൂടെയാണ് കുറ്റകൃത്യത്തിൽ നികിത അടക്കമുള്ളവരുടെ പങ്ക് വെളിപ്പെട്ടത്. ഇതോടെ ഇവരെയും കണ്ടെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.