ചെന്നൈ: തിരുമല തിരുപ്പതി ദേവസ്ഥാനത്തിനെതിരെ നൽകിയ കേസിൽ ഭക്തന് 45 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് സേലം ഉപഭോക്തൃ കോടതി. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ അളഗാപുരം സ്വദേശി ഹരിഭാസ്‌കർ നല്‍കിയ കേസിലാണ് വിധി. തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ദേവസ്ഥാനത്ത് നടക്കുന്ന 'മേൽചാട്ട് വസ്‌ത്രം സേവ' പൂജയില്‍ പങ്കെടുക്കുന്നതിനായി ഹരിഭാസ്‌കര്‍ 2006 ജൂൺ 27ന് 12,250 രൂപ ഓൺലൈനായി അടച്ചിരുന്നു.
രണ്ടുപേര്‍ക്ക് പൂജയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തുക അടച്ചത്. 2020 ജൂലൈ 10ന് നടക്കുന്ന പൂജയില്‍ പങ്കെടുക്കാന്‍ ഹരിഭാസ്‌കറിന് ക്ഷേത്രം അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ കൊവിഡ് സാഹചര്യമായതിനാല്‍ ഹരിഭാസ്‌കറിന് നേരിട്ട് പൂജയില്‍ പങ്കെടുക്കാനായില്ല.
പകരം ക്ഷേത്ര കമ്മറ്റി ഓണ്‍ലൈന്‍ ദര്‍ശനത്തിന് അവസരം ഒരുക്കി. എന്നാല്‍ തനിക്ക് നേരിട്ട് പൂജയില്‍ പങ്കെടുക്കണമെന്ന് കമ്മറ്റിയോട് ഹരിഭാസ്‌കർ ആവശ്യപ്പെട്ടു. ഇത് കമ്മറ്റി നിരസിച്ചതോടെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി കഴിഞ്ഞ മാസം 18ന് വിധി പ്രസ്‌താവിച്ചു.
പണം അടച്ചിട്ടും പൂജയില്‍ പങ്കെടുക്കാനുള്ള അവസരം ലഭ്യമാക്കാതിരുന്നതിന് ഹരിഭാസ്‌കറിന് 45 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിന് പുറമേ, ഹർജിക്കാരന് ഒരു വർഷത്തിനകം 'മേൽചാട്ട് വസ്‌ത്രം സേവ' പൂജയില്‍ പങ്കെടുക്കാൻ അവസരം നൽകണമെന്നും ഇല്ലെങ്കിൽ 1,000 രൂപ നൽകണമെന്നും കോടതി വിധിച്ചു. ഓൺലൈനായി അടച്ച 12,250 രൂപ രണ്ട് മാസത്തിനകം ഹരിഭാസ്‌കറിന് തിരികെ നൽകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.