മഥുര (ഉത്തര്‍പ്രദേശ്): ശ്രീകൃഷ്‌ണന്‍റെ ജന്മസ്ഥലത്ത് നിര്‍മിച്ചു എന്ന് അവകാശപ്പെടുന്ന ഷാഹി ഈദ്‌ഗാഹ് മസ്‌ജിദില്‍ ജനുവരി രണ്ടിന് സര്‍വേ ആരംഭിക്കാന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഉത്തരവിട്ട് മഥുര ജില്ല കോടതി. ഹിന്ദു സേനയുടെ വിഷ്‌ണു ഗുപ്‌ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സര്‍വേ റിപ്പോര്‍ട്ട് ജനുവരി 20ന് സമര്‍പ്പിക്കണം. ജനുവരി 20നാണ് കേസില്‍ അടുത്ത വാദം.
ശ്രീകൃഷ്‌ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്‌ജിദ് പണികഴിപ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ കത്ര കേശവ് ദേവ് ക്ഷേത്ര പരിസരത്ത് നിന്ന് 17-ാം നൂറ്റാണ്ടിലെ പ്രസ്‌തുത മസ്‌ജിദ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഒന്നാണ് വിഷ്‌ണു ഗുപ്‌തയുടേത്. 1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്‍റെ ഉത്തരവനുസരിച്ചാണ് ശ്രീകൃഷ്‌ണ ജന്മഭൂമിയില്‍ കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയത്തിനോട് ചേര്‍ന്നുള്ള 13.37 ഏക്കര്‍ ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് മസ്‌ജിദ് പണിതത്.
1947 ഓഗസ്റ്റ് 15-ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്‍റെയും മതപരമായ പദവി നിലനിർത്തുന്ന 1991-ലെ ആരാധന സ്ഥല നിയമം പ്രകാരം പരാതി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് മഥുര സിവില്‍ കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു. ശ്രീകൃഷ്‌ണ ഭക്തരായ തങ്ങൾക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് ഹർജിക്കാരന്‍ വാദിച്ചു. കൃഷ്‌ണന്‍റെ യഥാർഥ ജന്മസ്ഥലത്ത് ആരാധന നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.
16-ാം നൂറ്റാണ്ടിലെ ബാബറി മസ്‌ജിദ്, പുരാതനമായ അയോധ്യ ക്ഷേത്രത്തിന്‍റെ ശേഷിപ്പില്‍ നിര്‍മിച്ചതാണെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം ഹിന്ദു പ്രവര്‍ത്തകര്‍ 1992ല്‍ മസ്‌ജിദ് തകര്‍ത്തിരുന്നു. 2019-ൽ സുപ്രീം കോടതി ബാബരി മസ്‌ജിദ് നിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി കൈമാറുകയും പള്ളിക്ക് പകരം ഭൂമി നൽകുകയും ചെയ്‌തു. ബാബരി മസ്‌ജിദ് തകർത്തതിന്‍റെ വാർഷികത്തോടനുബന്ധിച്ച് ഷാഹി ഈദ്ഗാഹ് മസ്‌ജിദിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരത ഹിന്ദു മഹാസഭ ഈ മാസം ആദ്യം ആഹ്വാനം ചെയ്‌തിരുന്നു. തുടര്‍ന്ന് സംഘടന നേതാക്കളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും എട്ടു പേരെ കസ്റ്റഡിയില്‍ എടുക്കയും ചെയ്‌തു.
ക്ഷേത്ര ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നും സുന്നി സെൻട്രൽ ബോർഡ് ഓഫ് വഖഫിന്‍റെ സമ്മതത്തോടെ നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്നും എന്നാവശ്യപ്പെട്ടു കൊണ്ട് 2021 ഫെബ്രുവരി 19ന് ഹിന്ദു സംഘടനകള്‍ യുപി സുന്നി സെൻട്രൽ വഖഫ് ബോർഡിനെതിരെ മഥുര സിവില്‍ കോടതിയില്‍ കേസ് (Bhagwan Sri Krishna Virajman and Others Vs UP Sunni Central Waqf Board and Others) ഫയല്‍ ചെയ്‌തിരുന്നു.