ഭോപ്പാല്‍: പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കടുവയില്‍ നിന്ന് രക്ഷപ്പെടുത്തി അമ്മ. മധ്യപ്രദേശിലെ ഉമരിയയിലെ റൊഹാനിയ ഗ്രാമത്തിലാണ് സംഭവം. അര്‍ച്ചന ചൗധരിയെന്ന യുവതിയാണ് മകന്‍ രവിരാജിനെ കടുവയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഞായറാഴ്‌ച രാവിലെയാണ് സംഭവം. ബാന്ധവ്ഗഡ് കടുവ സങ്കേതത്തിന് സമീപമാണ് അര്‍ച്ചനയും കുടുംബവും താമസിക്കുന്നത്. രാവിലെ വീടിന് പുറത്തേക്ക് കുഞ്ഞിനെ മൂത്രമൊഴിപ്പിക്കാന്‍ കൊണ്ട് പോയപ്പോഴാണ് കടുവ കുഞ്ഞിനെ കടിച്ചെടുത്തത്. ഇത് കണ്ട അര്‍ച്ചന കുഞ്ഞിനെ രക്ഷിക്കാനായി കടുവയെ നേരിടുകയായിരുന്നു.
കടുവ കുഞ്ഞിനെ കടിച്ച് പിടിച്ചതോടെ അര്‍ച്ചന കടുവയുടെ താടിയെല്ലില്‍ പിടിച്ച് മല്‍പിടുത്തം നടത്തി. അര്‍ച്ചനയുടെ നിലവിളിയും കുഞ്ഞിന്‍റെ കരച്ചിലും കടുവയുടെ അലര്‍ച്ചയും കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തി. എല്ലാവരെയും കണ്ടതോടെ കടുവ കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.
അര്‍ച്ചനയുടെ അരക്കും കൈക്കും പുറകിനും കുഞ്ഞിന്‍റെ തലക്കും പുറകിനും പരിക്കേറ്റിട്ടുണ്ടെന്ന് അര്‍ച്ചനയുടെ ഭര്‍ത്താവ് ഭോല പ്രസാദ് പറഞ്ഞു. പരിക്കേറ്റ ഇരുവരെയും മാൻപൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി. എന്നാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഇരുവരെയും ഉമരിയയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അര്‍ച്ചനയേയും കുഞ്ഞിനെയും ആക്രമിച്ച കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പെന്ന് ഫോറസ്റ്റ് ഗാർഡ് രാം സിംഗ് മാർക്കോ പറഞ്ഞു. ജില്ല കലക്‌ടര്‍ സഞ്ജീവ് ശ്രീവാസ്തവ കുഞ്ഞിനെയും അമ്മയേയും സന്ദര്‍ശിച്ചു. ഇരുവര്‍ക്കും മികച്ച ചികിത്സ നല്‍കാനായി ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്‌ടര്‍ പറഞ്ഞു. വനമേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും കലക്‌ടര്‍ പറഞ്ഞു.