പൂനെ: 16 മാസം പ്രായമുള്ള മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍. മൃതദേഹവുമായി ട്രെയിനില്‍ യാത്ര ചെയ്യവേ, മഹാരാഷ്‌ട്രയിലെ സോലാപൂരിൽ വെച്ചാണ് റെയിൽവേ പൊലീസ് ഇവരെ പിടികൂടിയത്. പ്രതികൾ തെലങ്കാനയിലെ സെക്കന്തരാബാദ് നഗരത്തിൽ നിന്ന് രാജ്‌കോട്ടിലേക്കുള്ള ട്രെയിനിൽ മൃതദേഹം ജന്മനാട്ടിൽ സംസ്‌കരിക്കുന്നതിനായി പോകുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, കുട്ടിയുടെ 26 കാരനായ പിതാവ് ജനുവരി 3ന് സെക്കന്തരാബാദിലെ വീട്ടിൽ വച്ച് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തു. കുറ്റകൃത്യത്തിൽ കുഞ്ഞിന്‍റെ അമ്മ ഇയാളെ സഹായിക്കുകയും ചെയ്‌തു. യാത്രയ്ക്കിടെ കുട്ടി അനക്കമൊന്നും കാണിക്കാത്തപ്പോൾ ട്രെയിനിലെ ചില യാത്രക്കാർക്ക് സംശയം തോന്നിയതാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണമായത്.
'സഹയാത്രികർ ട്രെയിനിലെ ടിക്കറ്റ് എക്‌സാമിനറെ വിവരം അറിയിച്ചു. തുടർന്ന് സോലാപൂർ സ്‌റ്റേഷനിലെ റെയിൽവേ പൊലീസിലും അറിയിപ്പ് ലഭിച്ചു' അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (റെയിൽവേ പൊലീസ്) ഗണേഷ് ഷിൻഡെ പറഞ്ഞു.
ദമ്പതികൾക്കെതിരെ സോലാപൂർ റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ ഐപിസി, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.