മാൾഡ : പശ്ചിമ ബംഗാളിലെ മാൾഡയിൽ 12 കോടി വിലവരുന്ന 2.5 കിലോ ഹെറോയിനുമായി ദമ്പതികൾ പിടിയിൽ. ഗോലം മുസ്‌തഫ (27), റിയ ഷഫിൻ (20) എന്നിവരെയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. പ്രതികൾക്കെതിരെ ഇംഗ്ലീഷ് ബസാർ പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
മുർഷിദാബാദിലെ ലാൽഗോളയിൽ ട്രെയിൻ മാർഗം ഹെറോയിനുമായി സഞ്ചരിച്ച പ്രതികൾ മാൾഡ ടൗൺ സ്റ്റേഷനിൽ ഇറങ്ങവെ പിടിയിലാവുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മ്യൂസിക് സിസ്റ്റത്തിൽ പ്ലാസ്റ്റിക് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
മയക്കുമരുന്ന് കേന്ദ്രം : പശ്ചിമ ബംഗാളിലെ മയക്കുമരുന്ന് കടത്ത് ഇടനാഴി എന്നാണ് മാള്‍ഡ അറിയപ്പെടുന്നത്. മയക്കുമരുന്ന് കടത്തുകാരുടെ സുരക്ഷിത താവളമാണിവിടം. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന മരുന്നുകൾ മാൾഡ വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും, ബംഗ്ലാദേശിലേക്കടക്കവും വിതരണം ചെയ്യുന്നുണ്ട്.