ചെന്നൈ: കൊവിഡ് രോഗികളെ സഹായിക്കാനായി രണ്ട് ലക്ഷം രൂപയുടെ ആഭരണം പണയംവെച്ച് ദമ്പതികൾ. കോയമ്പത്തൂരിലെ രാം നഗർ സ്വദേശികളാണ് രണ്ട് ലക്ഷം രൂപയുടെ ആഭരണം പണയംവെച്ച് കൊവിഡ് രോഗികൾക്ക് ഫാൻ വാങ്ങി നൽകിയത്.
ഏപ്രിൽ 27 കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ സിംഗനല്ലൂരിലെ ഇ.എസ്.ഐ ആശുപത്രിയിൽ എത്തിയ ദമ്പതികൾ കനത്ത ചൂടിൽ ഫാൻ ഇല്ലാതെ രോഗികൾ കഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് രോഗികൾക്ക് ഫാൻ ആവശ്യമാണെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് പരസ്യം ചെയ്തതോടെ ദമ്പതികൾ മുന്നോട്ട് വരികയായിരുന്നു.
2.20 ലക്ഷം രൂപ വിലവരുന്ന 110 ഫാനുകളാണ് ദമ്പതികൾ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇത്രയധികം ഫാനുകളുടെ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചെങ്കിലും ദമ്പതികൾ തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് ആശുപത്രി അധികൃതർ വിവരം കോയമ്പത്തൂർ ജില്ല കലക്ടർ നാഗരാജനെ അറിയിച്ചു. കലക്‌ടർ എത്തി ഫാനുകൾ സ്വീകരിച്ചെങ്കിലും തങ്ങളുടെ വിവരം പുറത്തുവിടുന്നതിൽ താല്പര്യമില്ലെന്നറിയിക്കുകയായിരുന്നു ദമ്പതികൾ.