ന്യൂഡല്‍ഹി : ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് 2.4 കോടിയുടെ കവര്‍ച്ച നടത്തിയവർ പിടിയില്‍. ഇവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഹോം നഴ്സ് അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്. സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ മാതാപിതാക്കള്‍ താമസിക്കുന്ന അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വസതിയില്‍ നിന്നാണ് പണവും ആഭരണങ്ങളും മോഷണം പോയത്.
സോനം കപൂറിന്റെ ഭര്‍തൃമാതാവിനെ ശുശ്രൂഷിച്ചിരുന്നത് അപര്‍ണ റൂത്ത് വില്‍സണ്‍ ആണ്. നരേഷ് കുമാര്‍ സാഗര്‍ ഷകാര്പുരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച രാത്രി സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സരിത വിഹാറില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Read more: സോനം കപൂറിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച ; 2.4 കോടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ചു
മോഷണ മുതല്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി വസതിയിലെ ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 11നാണ് മോഷണം നടന്നതെങ്കിലും ഫെബ്രുവരി 23നാണ് ആനന്ദ് അഹൂജയുടെ പിതാവ് ഹരീഷ് അഹൂജ തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ആനന്ദ് അഹൂജയുടെ മാതാപിതാക്കളും മുത്തശ്ശിയുമാണ് അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വസതിയില്‍ താമസിക്കുന്നത്.