ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്(17.09.2022) 72ന്‍റെ നിറവില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തെ ആശങ്കാജനകമായ തൊഴില്‍ സാഹചര്യം കണക്കിലെടുത്ത് യുവാക്കള്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദേശീയ തൊഴില്‍രഹിത ദിനമായി ആചരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വാഗ്‌ദാനം ചെയ്‌തത് പോലെ എല്ലാവര്‍ക്കും മോദി തൊഴില്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.
നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ നിരവധി പ്രതിപക്ഷ നേതാക്കള്‍ ആശംസകളുമായി എത്തുക മാത്രമല്ല തൊഴിലില്ലായ്‌മക്കും വിലവര്‍ധനവിനും എതിരെ സംസാരിക്കാന്‍ പറ്റിയ അവസരമായി കണ്ട് മുതലെടുക്കുകയും ചെയ്‌തു. ജന്മദിനാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെത്തി.
'നരേന്ദ്ര മോദിക്കെതിരായി ഞങ്ങളുടെ പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ പോരാട്ടങ്ങൾ തുടരുന്നു. ഞങ്ങൾക്കെതിരായി അദ്ദേഹത്തിന്‍റെ വ്യക്തിപരമായ പക ദിനംപ്രതി തീവ്രമാകുന്നു. എന്നിരുന്നാലും, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തിൽ ആശംസകള്‍ നേരുന്നുവെന്ന്' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു.
മോദിയുടെ ജന്മദിനത്തില്‍ ദേശീയ തൊഴില്‍രഹിത ദിനം: വികസനവും സാമൂഹിക ഐക്യവും കൊണ്ടുവരുന്നതിന് പകരം നമ്മുടെ പൗരന്‍മാരെ വലയം ചെയ്‌തിട്ടുള്ള അന്ധകാരം നീക്കി പ്രകാശം പരത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി ശശി തരൂര്‍ എംപിയുമെത്തി. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്‌ഭരണ ദിനവും, നെഹ്‌റുവിന്‍റെ ജന്മദിനം ശിശുദിനവും, ഇന്ദിരാഗാന്ധിയുടെ ജന്മദിനം സാമുദായിക സൗഹാർദ ദിനവും, രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്‌ഭവന ദിവസവുമായി ആചരിക്കുമ്പോള്‍ എന്നെ വേദനിപ്പിക്കുന്നത് മോദിജിയുടെ ജന്മദിനം ദേശീയ തൊഴില്‍രഹിത ദിനമായി യുവാക്കള്‍ ആചരിക്കുന്നതാണെന്ന് എഐസിസിയുടെ തലസ്ഥാനത്ത് വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
'രാജ്യത്തിന്‍റെ യുവാക്കളില്‍ 60ശതമാനം പേരും തൊഴില്‍രഹിതരാണെന്നത് ചര്‍ച്ചാവിഷയമാകേണ്ടതാണ്. 24 വയസുള്ള യുവാക്കളില്‍ 42ശതമാനം പേര്‍ക്കും തൊഴിലില്ല. ഇത് നമ്മുടെ പ്രധാനമന്ത്രിക്ക് കൊവിഡിനോ റഷ്യ-യുക്രൈയ്‌ൻ യുദ്ധത്തിനോ പിന്നിൽ ഒളിപ്പിക്കാന്‍ കഴിയില്ല. കാരണം തൊഴിലില്ലായ്‌മ എന്ന പ്രശ്‌നം 45 വർഷത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് തന്നെ ഉയർന്നു', സുപ്രിയ ശ്രീനേറ്റ് ചൂണ്ടികാട്ടി
'ഏറ്റവും പുതിയ തൊഴിലില്ലായ്‌മ നിരക്ക് 8.3 ശതമാനം എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെയും ജനസംഖ്യയെയും വളരെയധികം ആശങ്കപ്പെടുത്തുന്നു. എല്ലാ വര്‍ഷവും രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മോദി പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 22 കോടി പേര്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍, വെറും ഏഴ് ലക്ഷം പേര്‍ക്കേ തൊഴില്‍ ലഭിച്ചിട്ടുള്ളു'.
സ്‌ത്രീകളെ ഏറ്റവുമധികം ബാധിക്കുന്നു: 'ഇത് ഏറ്റവുമധികം ബാധിക്കുന്നത് സ്‌ത്രീകളെെയാണ്. സ്‌ത്രീകളുടെ തൊഴില്‍ 26 ശതമാനത്തില്‍ നിന്നും 15ആയി കുറഞ്ഞിരിക്കുകയാണ്. ശാപം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്, കാരണം സാധനങ്ങള്‍ക്കും വിലയും ഉയരുകയാണ് ശമ്പളവും ലഭിക്കുന്നില്ലെന്ന്' കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.
'ദേശീയ തലത്തില്‍ ഇതിനെതിരെ ഒരു സംവാദം നടത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. സര്‍ക്കാരിന് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ല. ബിജെപി സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത രണ്ട് കോടി ജോലികള്‍ എവിടെ? എന്തിനാണ് സംസ്ഥാനത്തിലും കേന്ദ്രത്തിലും 60ലക്ഷം തൊഴില്‍ അവസരങ്ങളുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചത്?', സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
'എന്തുകൊണ്ടാണ് സ്വകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്തത്?. കാരണം നിക്ഷേപം നല്‍കണമെങ്കില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടാവണം. ബിജെപി സര്‍ക്കാരിന്‍റെ നയത്തെ സ്വകാര്യ കമ്പനികള്‍ വിശ്വസിക്കുന്നില്ല എന്ന് വ്യക്തമായില്ലെ?'.
നേതൃത്വം നല്‍കിയത് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്: 'രാജ്യത്ത് രണ്ട് പ്രധാന കോടിപതികളിലാണ് ബിജെപിയുടെ ശ്രദ്ധ. 'ഹം ദോ ഹമാരെ ദോ മോഡല്‍' എന്തുകൊണ്ട് തൊഴിലിനായി വിട്ടുകൊടുത്തുകൂടാ? അഗ്‌നിപഥ് എന്ന പേരില്‍ രാജ്യത്തെ യുവാക്കളോട് നാല് വര്‍ഷം രാജ്യത്തിനായി സേവനം ചെയ്‌തിട്ട് 23 വയസില്‍ അവരുടെ ചെറിയ പ്രായത്തില്‍ തന്നെ വിരമിക്കാന്‍ ആഹ്വാനം ചെയ്‌ത് എന്തുകൊണ്ട് മോദി തന്നെ നേരിട്ടെത്തി?' സുപ്രിയ ചോദിച്ചു.
'നിങ്ങളുടെ ജന്മദിനം രാജ്യത്തെ യുവാക്കള്‍ തൊഴില്‍രഹിത ദിനമായി ആചരിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. പ്രധാനമന്ത്രി പദമലങ്കരിക്കാന്‍ രണ്ട് വര്‍ഷം കൂടെ ബാക്കിയുണ്ട്. ചരിത്രപുരുഷന്‍മാര്‍ ഓര്‍മിക്കപ്പെടുന്നത് മനുഷ്യര്‍ അവര്‍ക്ക് വേണ്ടി തീര്‍ത്ത ശില്‍പങ്ങളാലല്ല. അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്‌ത നല്ല പ്രവര്‍ത്തികള്‍ കൊണ്ടാണ്. ഇനിയെങ്കിലും പോയി രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കൂ. അല്ലെങ്കില്‍ വിലവര്‍ധനവിനെ കുറിച്ചും തൊഴിലില്ലായ്‌മയെ കുറിച്ചും സംസാരിക്കുകയെങ്കിലും ചെയ്യൂ', എന്ന് സുപ്രിയ വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ജന്മദിനം രാജ്യത്താകെ 'ബെറോജ്‌ഗരി മേള'(തൊഴിലില്ലായ്‌മ ദിനം)ആയി ആചരിക്കാന്‍ നേതൃത്വം നല്‍കിയത് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസാണ്. കറുത്ത ടീഷര്‍ട്ടുകള്‍ ധരിച്ച് പ്ലക്കാര്‍ഡും മുദ്രാവാക്യങ്ങളുമായി നിരവധി തൊഴിലാളികളാണ് ഐവൈസി ഓഫിസിന് മുമ്പില്‍ ഒത്തുകൂടിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലില്ലായ്‌മ എന്ന സമ്മാനം കൂടിയാണ് കൊണ്ടുവന്നതെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസ് ബി വി പറഞ്ഞു.