അഗർത്തല: സംസ്ഥാനത്ത് 24 മണിക്കൂർ കർഫ്യൂ പ്രാബല്യത്തിൽ വന്നിട്ടും കൊവിഡ് കേസുകളിലും മരണങ്ങളിലും വർധന. കഴിഞ്ഞ ദിവസം ത്രിപുരയിൽ 783 കൊവിഡ് കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6324ഉം മരണസംഖ്യ 495ഉം ആയി. 11,237 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ജൂൺ അഞ്ച് വരെയാണ് സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
783 പോസിറ്റീവ് കേസുകളിൽ വെസ്റ്റ് ത്രിപുര ജില്ലയിൽ മാത്രം 378 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കമ്മ്യൂണിറ്റി തലത്തിൽ കൊവിഡ് ശൃംഖലകളുടെ വ്യാപനം ഇതിനകം ആരംഭിച്ചുവെന്ന ആശങ്ക സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ നിവാസികളെ വിപുലമായ പരിശോധനയ്ക്ക് വിധേയരാക്കാൻ ഭരണകൂടം ആലോചിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
Also Read: സംസ്ഥാനത്തെ ലോക്ക്ഡൗൺ : തീരുമാനം ഇന്ന്
ഇതിനിടെ, 30 ഓക്സിജൻ സിലിണ്ടറുകളും 350 ടെസ്റ്റിങ് കിറ്റുകളും 10 ഓക്സിജൻ കോൺസൻട്രേറ്ററുകളും വെള്ളിയാഴ്ച ജോർഹത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.