ബേട്ടായി: ബിഹാറിലും ഉത്തർപ്രദേശിലും രാജ്യവിരുദ്ധ,വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ ഭീകരർക്ക് പാകിസ്‌താനിൽ നിന്ന് ധനസഹായം എത്തിക്കുന്ന പദ്ധതി പൊലീസ് തകര്‍ത്തു. ബിഹാറിലും യുപിയിലും സജീവമായിരുന്ന ഭീകര ശൃംഖലയാണ് പൊലീസ് തകർത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദ് സ്വദേശി റിയാസുദ്ദീൻ ആണ് തിങ്കളാഴ്‌ച അറസ്റ്റിലായത്. റിയാസുദ്ദീന്‍റെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബിഹാർ വെസ്റ്റ് ശിക്കാർപൂർ സ്വദേശി ഇസ്ഹാറുൽ ഹുസൈനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
നേരത്തെ പിടിയിലായ ഏഴ് ഭീകരരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൻ ശൃംഖല നടത്തിയ ഗൂഢാലോചന പുറത്തായതെന്ന് പൊലീസ് പറഞ്ഞു. ഇസ്ഹാറുൽ ഹുസൈനാണ് തീവ്രവാദ പദ്ധതികളുടെ സൂത്രധാരനെന്നാണ് വിവരം. രണ്ട് സംസ്ഥാനങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതികൾക്ക് ചുക്കാൻ പിടിച്ച ഇസ്ഹാറുലിനെ ചോദ്യം ചെയ്യാൻ എടിഎസ് ഗാസിയാബാദ് സംഘം ശിക്കാർപൂരിലെത്തിയിരുന്നു.
ശിക്കാർപൂർ പൊലീസും എടിഎസും സംയുക്തമായാണ് റൂപോളിയയിലെ വീട്ടില്‍ നിന്ന് ഇസ്ഹാറുലിനെ പിടികൂടിയത്.മദ്യ ലഹരിയിലായിരുന്ന ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബെട്ടിയ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും എടിഎസും.
അതേസമയം തിങ്കളാഴ്‌ച അറസ്റ്റിലായ റിയാസുദ്ദീൻ കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഹാപൂർ ജില്ലയിലെ പിൽഖുവ പട്ടണത്തിലാണ് താമസം. ഇവിടെ മെഷീൻ മാനായി ജോലി ചെയ്യുകയായിരുന്ന ഇയാൾ ഡൽഹിയിലെ മറ്റൊരു ഫാക്‌ടറിയിലും ജോലി ചെയ്‌തിരുന്നു.ഡല്‍ഹിയില്‍ വച്ചാണ് റിയാസുദ്ദീൻ ഇസ്ഹാറുലിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.ഇസ്ഹാറുലാണ് റിയാസുദ്ദീന് ബാങ്ക് അക്കൗണ്ട് എടുക്കാൻ സഹായിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു.