ന്യൂഡല്‍ഹി: കൂനൂരിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കി അപകടവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും വിദേശത്തുമുള്ള സംഘർഷ സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌ത വ്യക്തിയാണ് ജനറൽ ബിപിൻ റാവത്തെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണപ്പെട്ടതായും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വെല്ലിങ്ടണ്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
അപകടം നടന്ന സ്ഥലത്തെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
also read: Coonoor Ooty Army Helicopter Crash: സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീഴുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ
മരിച്ച എല്ലാവരുടെയും ഭൗതികശരീരം ഇന്ന് തന്നെ ഡൽഹിയിലെത്തിക്കുമെന്നും എല്ലാ സൈനിക ബഹുമതികളോടെയാവും ഇവരുടെ സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പ്രതിരോധമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു.