ജഷ്‌പൂർ/ ഛത്തീസ്‌ഗഡ് : ഭർത്താവിന്‍റെ സമ്മതമില്ലാതെ മകനെ മതംമാറ്റിയെന്ന പരാതിയിൽ യുവതിയും അമ്മയും അറസ്റ്റിൽ. ജഷ്‌പൂർ ജില്ലയിലാണ് സംഭവം. തന്‍റെ സമ്മതമില്ലാതെ ഭാര്യയും അമ്മയും ചേർന്ന് എട്ട് വയസുകാരനെ മതം മാറ്റിയെന്ന് യുവാവ് സന്ന പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
10 വർഷം മുൻപാണ് മുസ്ലിം യുവതിയെ ഹിന്ദു മതാചാര പ്രകാരം യുവാവ് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ട് വയസുള്ള മകനും ആറ് വയസുകാരിയായ മകളും ഉണ്ട്. നവംബർ മാസത്തിൽ മകനെ യുവതി അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അംബികാപീരിൽ എത്തിച്ച് കുട്ടിയില്‍ സുന്നത്ത് നടത്തുകയും മുസ്ലിം മതത്തിലേക്ക് മാറ്റുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ യുവതിക്കും അമ്മയ്ക്കും എതിരെ ഐപിസി സെക്ഷൻ 295എ (മതവികാരം വ്രണപ്പെടുത്തൽ), 324 (അപകടകരമായ ആയുധങ്ങളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് മുറിവേൽപ്പിക്കുക), ഛത്തീസ്‌ഗഡ് മതസ്വാതന്ത്ര്യ നിയമം എന്നിവ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.