മുംബൈ: മഹാരാഷ്‌ട്രയില്‍ അടിക്കടി രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച്, മൂന്ന് വര്‍ഷത്തെ കാലയളവിനെ 'സംഭവ ബഹുലമാക്കിയാണ്' ഗവര്‍ണര്‍ പദവിയില്‍ നിന്നും ഭഗത് സിങ് കോഷിയാരിയുടെ ഇന്നത്തെ വിടവാങ്ങല്‍. 'എല്ലാ ഉത്തരവാദിത്തങ്ങളും വിട്ടൊഴിഞ്ഞ് ശിഷ്‌ടകാലം വായനയും എഴുത്തുമായി കഴിയാനാണ് തീരുമാനം' - മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്ഥാനത്തുനിന്നും തന്‍റെ രാജി സന്നദ്ധത അറിയിച്ചുകൊണ്ട് കോഷിയാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഇങ്ങനെയൊരു കത്ത് എഴുതിയിരുന്നു. പിന്നാലെ, അദ്ദേഹത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് വിവാദങ്ങളുടെ പ്രിയ തോഴനായ കോഷിയാരി ഈ പദവിയില്‍ നിന്നും പടിയിറങ്ങിയത്.
വിവാദങ്ങള്‍ തുടര്‍ക്കഥ, മാധ്യമങ്ങളിലെ സ്ഥിരം തലക്കെട്ട്: 2019 സെപ്റ്റംബറിലാണ് ഭഗത് സിങ് കോഷിയാരി മഹാരാഷ്‌ട്ര ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഇതേവര്‍ഷം തന്നെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റേയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റേയും സത്യപ്രതിജ്ഞ ചടങ്ങുകൾ തിടുക്കത്തിൽ നടത്താന്‍ അദ്ദേഹം ഇടപെട്ടത്. പദവിയിലെത്തിയതിനെ തുടര്‍ന്ന് തിരികൊളുത്തിയ ആദ്യ വിവാദം. പിന്നാലെ, മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയെ 'ഭൂതകാലത്തിലെ നായകൻ' എന്ന് കോഷിയാരി വിശേഷിപ്പിച്ചു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ശിവസേനയുമായി ബിജെപി തെറ്റിയതോടെ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും ചുമതലയേറ്റു. പുലര്‍ച്ചെ രാജ്‌ഭവനിലെത്തിയായിരുന്നു ഈ 'മഹാ'രാഷ്‌ട്രീയ നീക്കം നടന്നത്. ബിജെപിയുടെ ഈ 'മിന്നല്‍ നീക്കത്തിന്' കോഷിയാരി കുടപിടിച്ചതോടെയാണ് മൂന്നാമത്തെ വിവാദം ഉടലെടുത്തത്.
സർക്കാർ രൂപീകരിക്കാനുള്ള പ്രധാന എതിരാളിയായി മഹാവികാസ് അഘാഡി സര്‍ക്കാര്‍ (എംവിഎ) ശക്തിപ്രാപിച്ചു. ഇതോടെ, ഫഡ്‌നാവിസ് സർക്കാര്‍ വെറും മൂന്ന് ദിവസത്തെ ആയുസില്‍ നിര്‍ജീവമായെങ്കിലും ഗവര്‍ണറുടെ നീക്കം കുറച്ചധികം സമയം 'എയറില്‍' നിന്നു. എന്‍സിപിയിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണ ലഭിക്കാത്തതായിരുന്നു സര്‍ക്കാര്‍ രൂപീകരണ നീക്കത്തിന് തിരിച്ചടിയായത്.
സര്‍ക്കാരിന്‍റെ തലവന്‍, 'വില്ലനായപ്പോള്‍': 2019 സെപ്റ്റംബറിൽ എംവിഎ മന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെ വേളയില്‍ കോഷിയാരി മറ്റൊരു വിവാദത്തിന് തിരികൊളുത്തി. കോൺഗ്രസ് മന്ത്രിയായിരുന്ന കെസി പദ്‌വിയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോഷിയാരി നിർബന്ധിച്ചതായിരുന്നു ഈ വിവാദം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരുമായി നിരവധി ഏറ്റുമുട്ടലുകളാണ് കോഷിയാരി നടത്തിയത്. ഇത് പലപ്പോഴും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിലേക്ക് എത്തിച്ചു. കൊവിഡ് വ്യാപന സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നതും ബാറുകൾ തുറന്നതും സംബന്ധിച്ച വിഷയത്തിലും എംവിഎ സർക്കാരിനെ ഗവര്‍ണര്‍ പരിഹസിച്ചു. താക്കറെ മതേതരനായി മാറിയോ എന്നതടക്കം ചോദിച്ചായിരുന്നു ഈ പരിഹാസ ശരം.
2021 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വിമാനത്തില്‍ ഡെറാഡൂണ്‍ യാത്ര ചെയ്യാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഉദ്ധവ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ, കോഷിയാരി വീണ്ടും വാർത്തകളിൽ നിറഞ്ഞു. തുടര്‍ന്ന്, അദ്ദേഹം ഒരു വാണിജ്യ വിമാനത്തിലാണ് ഡെറാഡൂണ്‍ യാത്ര നടത്തിയത്.
ALSO READ| 12 സംസ്ഥാനങ്ങൾക്കും ലഡാക്കിനും പുതിയ ഗവർണര്‍മാര്‍ ; പേരുകള്‍ പുറത്തുവിട്ട് രാഷ്‌ട്രപതി ഭവൻ
ഗുജറാത്തികളെയും മാർവാടികളെയും സംസ്ഥാനത്ത് നിന്ന് പുറത്താക്കിയാൽ, രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്ന മുംബൈയുടെ നേട്ടം ഇല്ലാതാവുമെന്ന് അദ്ദേഹമൊരു പരാമർശം നടത്തിയിരുന്നു. മഹാരാഷ്‌ട്രയേയും മറാത്തികളെയും അപമാനിച്ച, 2021 ജൂലൈയിലുണ്ടായ ഈ പ്രസ്‌താവന സംസ്ഥാനത്ത് വന്‍ തോതില്‍ ചൂടുപിടിച്ചു. ഒടുവില്‍ അദ്ദേഹത്തിന് ക്ഷമാപണം നടത്തി തടി തപ്പേണ്ടി വരുകയും ചെയ്‌തു. 2022 ഫെബ്രുവരിയിലാണ് അടുത്ത വിവാദം. ഛത്രപതി ശിവാജിയ്‌ക്ക് തന്‍റെ ഉപദേഷ്‌ടാവ് സമർത് രാംദാസ് ഇല്ലായിരുന്നുവെങ്കില്‍ ഒരു പ്രാധാന്യവും ഉണ്ടാകില്ലെന്നായിരുന്നു അത്.
കോഷിയാരിയുടെ രാജിയെ സ്വാഗതം ചെയ്‌ത് എന്‍സിപി: 2021 നവംബറിൽ ശിവാജിയെക്കുറിച്ചുള്ള പരാമർശമാണ് വീണ്ടും ഗവര്‍ണറെ വെട്ടിലാക്കിയത്. 'ഭൂതകാലത്തിലെ നായകൻ' എന്ന വിശേഷണത്തെ തുടര്‍ന്ന് ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിന്‍റെ പരാമർശത്തിനെതിരെ തിരിഞ്ഞു. സംസ്ഥാനത്തിന്‍റെ പരമോന്നത ഭരണഘടന പദവിയിലെ മാറ്റത്തെ സ്വാഗതം ചെയ്‌തുകൊണ്ട് എൻസിപി നേതാവ് ജയന്ത് പാട്ടീലും എൻസിപി എംപി സുപ്രിയ സുലെയും രംഗത്തെത്തി.
'മഹാന്മാര്‍ക്ക് എതിരായി നില്‍ക്കുകയും പുറമെ ഭരണഘടനയെ തുരങ്കം വയ്‌ക്കുന്ന സർക്കാരിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയും ചെയ്‌ത മാന്യന്‍ ഗവർണർ പദവിക്ക് കളങ്കമുണ്ടാക്കിയിരുന്നു. അങ്ങനെയാരാളെ ഗവർണര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന് മഹാവികാസ് അഘാഡി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ പുതിയ ഗവർണറെന്ന വാര്‍ത്തയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു' - ജയന്ത് പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്ട്രയുടെ അടുത്ത ഗവർണറായി ബൈസിനെ നിയമിച്ചതിനെ എൻസിപി എംപി സുപ്രിയ സുലെയും സ്വാഗതം ചെയ്‌തു. 'മഹാരാഷ്ട്രയുടെ ഗവർണറായി നിയമിതനായ ബഹുമാനപ്പെട്ട ശ്രീ. രമേഷ് ബൈസിന് അഭിനന്ദനങ്ങൾ. ഞങ്ങൾ 10 വർഷം പാർലമെന്‍റില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ആശംസകൾ'- സുലെയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.