ചെന്നൈ : റിസര്‍വ് ബാങ്കിന്‍റെ ചെന്നൈ ശാഖയിൽ നിന്ന് പണവുമായി പോയ കണ്ടെയ്‌നര്‍ ലോറിയുടെ ജിപിഎസ് തകരാറിലായി. ആര്‍ബിഐ ശാഖയിൽ നിന്ന് വില്ലുപുരം ജില്ലയിലെ വിവിധ ബാങ്കുകളിലേക്ക് 535 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്നറുകളില്‍ ഒന്നിന്‍റെ ജിപിഎസ് സംവിധാനം ദേശീയപാതയിൽ വച്ച് തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവാഹനങ്ങളും അടുത്തുള്ള സിദ്ധ ആശുപത്രി സമുച്ചയത്തിന്‍റെ കോമ്പൗണ്ടിലേക്ക് മാറ്റി.
വാഹനത്തിലെ ജിപിഎസ് സംവിധാനം തകരാറിലായതോടെ തൊഴിലാളികളെ എത്തിച്ച് പൊലീസ് സംരക്ഷണയില്‍ വാഹനത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരിഹരിക്കാനാവാതെ വന്നതോടെ ഇരു വാഹനങ്ങളും ആര്‍ബിഐ ശാഖയിലേക്ക് മടക്കിയെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി കേടായ വാഹനം സ്ഥലത്തുനിന്നും നീക്കുന്നതിനായി റിക്കവറി വാഹനം വിളിപ്പിച്ചിട്ടുണ്ട്.
സുരക്ഷയൊരുക്കി പൊലീസ്: പണവുമായി പോയ വാഹനത്തില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തന്നെ സംഘം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ഇതോടെ താംബരം അസിസ്‌റ്റന്‍റ് കമ്മിഷണര്‍ ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ 200 ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. തകരാര്‍ സംഭവിച്ച വാഹനത്തിന് പൊലീസ് സുരക്ഷ ശക്തമാക്കിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കുമുണ്ടായി.
വില്ലുപുരത്ത് മദ്യദുരന്തവും : കഴിഞ്ഞദിവസം വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്തുള്ള ഏക്യാർ കുപ്പയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 12 പേര്‍ മരിച്ചിരുന്നു. അനധികൃതമായി മദ്യം തയ്യാറാക്കി വില്‍ക്കുന്നയിടത്ത് നിന്നും വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒമ്പതുപേര്‍ സംഭവദിവസമായ ഞായറാഴ്‌ച തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ കഴിഞ്ഞദിവസവും മരിച്ചു.
സംഭവത്തെ തുടര്‍ന്ന് നേരിട്ടല്ലെങ്കിലും ദുരന്തത്തിന് കാരണം സര്‍ക്കാരാണെന്നറിയിച്ച് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. സർക്കാർ മദ്യശാലകളിൽ 180 മില്ലി ലിറ്റർ മദ്യത്തിന് 150 മുതൽ 300 രൂപ വരെയാണ് വിലയെന്നും എന്നാൽ വാറ്റിയെടുത്ത ഇത്തരം വ്യാജമദ്യം 50 രൂപയ്ക്കാണ് വിൽക്കപ്പെടുന്നതെന്നുമായിരുന്നു ഇവരുടെ വാദം. അതുകൊണ്ടുതന്നെ ബാറില്‍ അധികം തുക നല്‍കി മദ്യം വാങ്ങി ഉപയോഗിക്കാന്‍ മടിയുള്ളവര്‍ വിലകുറഞ്ഞ ഇത്തരം മദ്യത്തിന് അടിമകളാകുന്നുവെന്നാണ് ഇവരുടെ വാദം. കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയോട് ചേർന്ന ജില്ലകളിലും മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. എല്ലാത്തിലുമുപരി അനധികൃതമായി നിര്‍മിക്കുന്ന ഇത്തരം മദ്യത്തില്‍ ലഹരി വര്‍ധിപ്പിക്കുന്നതിനായി അനിയന്ത്രിതമായ രീതിയില്‍ മെഥനോള്‍ കലര്‍ത്തുന്നതായും ആക്ഷേപമുണ്ട്.
സംഭവം ഇങ്ങനെ : ഇക്കഴിഞ്ഞ ശനിയാഴ്‌ച (മെയ് 13) വൈകുന്നേരം ഏക്യാർ കുപ്പയില്‍ നടന്ന ഒരു ചടങ്ങിനിടെ വിതരണം ചെയ്‌ത മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടാകുന്നത്. ഇവിടെ വച്ച് മദ്യപിച്ചവര്‍ ഛർദിച്ചതോടെ ഇവരെയെല്ലാം ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ ഞായറാഴ്‌ച പുലർച്ചെയോടെ മരിക്കുകയായിരുന്നു. ഇതുകൂടാതെ ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി മറ്റ് 15 പേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്‌ച വൈകുന്നേരത്തോടെ ഒമ്പതുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം ജില്ല പൊലീസ് സൂപ്രണ്ട് എൻ ശ്രീനാഥ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.