അമരാവതി : രാജ്യത്തുടനീളം ക്ഷേത്രങ്ങളുടെ നിർമാണം വേഗത്തിലാക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ഒരു വർഷത്തിനുള്ളിൽ 500 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ടിടിഡി ചെയർമാന്‍ വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു.
ജമ്മു മുതൽ കന്യാകുമാരി വരെ ബാലാജി ക്ഷേത്രങ്ങൾ നിർമിക്കുകയാണെന്നും ജമ്മുവിലെ മജിൻ ഗ്രാമപ്രദേശത്ത് ഒരു ക്ഷേത്രത്തിന് തറക്കല്ലിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമർസത്ത ഫൗണ്ടേഷനും എൻഡോവ്‌മെന്‍റ് വിഭാഗവും രണ്ട് വർഷം മുമ്പ് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പകർച്ചവ്യാധി കാരണം ഇത് ഉപേക്ഷിക്കുകയായിരുന്നു.
Also read: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി
കൂടാതെ ശ്രീവാണി ട്രസ്റ്റ് ഫണ്ട് പിന്നോക്ക പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെ നിർമാണത്തിനും നവീകരണത്തിനും വിനിയോഗിക്കും. ഇതിനായി ഒരു സമിതി രൂപീകരിക്കും. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ കന്നഡ, ഹിന്ദി എസ്‌വിബിസി ചാനലുകൾ ആരംഭിക്കും.
തിരുമലയിൽ അനധികൃത കടകൾ നീക്കം ചെയ്യും.തിരുപ്പതിയിൽ വിവാഹ ഹാളുകൾ, ശിശുരോഗ ആശുപത്രി എന്നിവ നിർമിക്കും. ജൈവകൃഷി വർദ്ധിപ്പിക്കുമെന്നും ജൈവ വിളകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നും റെഡ്ഡി പറഞ്ഞു.
'ഗുഡിക്കോ ഗോമാത' പദ്ധതി പ്രകാരം രാജ്യത്തൊട്ടാകെയുള്ള 100 ക്ഷേത്രങ്ങളിൽ പശുക്കളെ ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.