മുംബൈ: 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം നൽകുന്നതിനിടെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ 23കാരനായ അനന്തരവന് കൊവിഡ് വാക്‌സിൻ ലഭിച്ചത് വിവാദമാകുന്നു. രാജ്യത്ത് മെയ് ഒന്നു മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത് തിങ്കളാഴ്‌ചയാണ്. അതിനിടെയാണ് ഫഡ്‌നാവിസിന്‍റെ അനന്തരവൻ തന്മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍റെ രണ്ടാമത്തെ ഡോസും ലഭ്യമായത്.
കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് എടുക്കുന്ന ചിത്രം തന്മയ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇത് വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ ലഭിക്കാനായി ബുദ്ധിമുട്ടുമ്പോൾ ബിജെപി നേതാവിന്‍റെ 22കാരനായ അനന്തരവന് എങ്ങനെയാണ് ഇത് ലഭിച്ചതെന്ന് പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ നിതിൻ റാവത്ത് ആവശ്യപ്പെട്ടു.
കൂടുതല്‍ വായിക്കുക.....വാക്‌സിൻ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സാമൂഹ്യ സുരക്ഷ മിഷൻ
22 കാരനായ തന്മയ് ഫഡ് നാവിസിന് എങ്ങനെ വാക്‌സിന്‍ ലഭിച്ചു എന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ ആവശ്യപ്പെട്ടു. താങ്കളുടെ മരുമകന് പ്രായം 45ന് മുകളിലാണോ? അല്ലെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന് വാക്‌സിന്‍ ലഭിക്കുന്നത്? ഇവിടെ ജനങ്ങള്‍ മരിക്കുകയാണ്. വാക്‌സിന്‍ ക്ഷാമം അതിരൂക്ഷമാണ്. എന്നാല്‍ ഫഡ്‌നാവിസിന്‍റെ കുടുംബം സുരക്ഷിതമാണ്, ശ്രീവാസ്തവ ട്വീറ്റില്‍ പറഞ്ഞു. തന്മയ്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്, 45 വയസ്സില്‍ താഴെയുള്ള, ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് ശ്രീവാസ്തവ പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടു.
കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും തന്മയ് സ്വീകരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുംബൈയിൽ നിന്നും ആദ്യ ഡോസും നാഗ്‌പൂരിലെ നാഷണൽ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും രണ്ടാമത്തെ ഡോസും സ്വീകരിച്ചെന്നാണ് വിവരം. തന്മയ്‌ക്ക് ഏത് സാഹചര്യത്തിലാണ് കുത്തിവയ്പ്പ് ലഭിച്ചതെന്ന് അറിയില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. തന്മയ് തന്‍റെ ബന്ധുവാണെങ്കിലും അദ്ദേഹത്തിന് ഏത് മാനദണ്ഡലത്തിലാണ് വാക്സിന്‍ ലഭ്യമായതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം തിങ്കളാഴ്‌ചയാണ് തന്മയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.