ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന വക്താവ് പവൻ ഖേര. തങ്ങൾ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പ്രതീക്ഷിച്ച വിജയം തന്നെയാണ് സംസ്ഥാനത്തുണ്ടായതെന്നും പവൻ ഖേര ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന്, നേതൃത്വം അതേക്കുറിച്ച് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഹിമാചല്‍ പ്രദേശില്‍ ഉയര്‍ന്നുകേട്ടത്. ഇത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, ഒന്നിലധികം മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടാകുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്നും ഖേര പറഞ്ഞു. വിജയം, വരും ദിവസങ്ങളിൽ പാർട്ടി നേതൃത്വത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ച് പേരുകളാണ് പാർട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കുന്നതെന്നാണ് സൂചന. പ്രതിഭ സിങ്, സുഖ്‌വീന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി, താക്കൂർ കൗൾ സിങ്, ആശ കുമാരി എന്നിവരാണ് മുഖ്യമന്ത്രി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.