ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാണിച്ച താല്‍പര്യം രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കുന്നതിലും കാണിക്കണമെന്ന് കോൺഗ്രസ് എംഎൽഎയും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ അദ്ദേഹം തള്ളിയിരുന്നു. "പൈലറ്റ് പാർട്ടിയിൽ നിന്ന് പുറത്തുപോകില്ല, ഹൈക്കമാൻഡ് നൽകുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റും. പൈലറ്റ് ഹൈക്കമാന്‍റുമായി നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
പ്രശ്ന പരിഹാരത്തിനായി മൂന്നംഗ സമിതി
കഴിഞ്ഞ വർഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോത്തിനെതിരെ മത്സരിച്ചപ്പോൾ പിന്തുണച്ച കോൺഗ്രസ് എംഎൽഎമാരുടേയും കാര്യകർത്താക്കളുടേയും ആവശ്യങ്ങൾ നിറവേറ്റണമെന്ന് പൈലറ്റ് ആവശ്യപ്പെടുന്നു. സച്ചിന്‍ പൈലറ്റിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജനറൽ സെക്രട്ടറി അജയ് മാക്കന്റെ കീഴിൽ മൂന്നംഗ സമിതിയും രൂപീകരിച്ചു.
Read Also..........രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനെന്ന് സൂചന
മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ജെ പി അഗർവാൾ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, വിമത നേതാക്കൾ നവജോത് സിംഗ് സിദ്ധു, നിരവധി പാർട്ടി എംഎൽഎമാർ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാനലിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് പാർട്ടി ഹൈക്കമാന്‍റിന് അയച്ചിട്ടുണ്ട്.
സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍
അതേസമയം ബിജെപിയിൽ ചേരുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ വാദവും സച്ചിൻ പൈലറ്റ് തള്ളി. ഒരു ടിവി ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന് റീത്ത പറഞ്ഞത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്‍റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ റീത്തയുടെ അവകാശവാദം വലിയ ചർച്ചയായിരുന്നു.
രാജിവച്ച സ്പീക്കര്‍ ഹേമറാം ചൗധരിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്‍റെ ഇടപെടല്‍ തേടിയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഞായറാഴ്ച വരെ അദ്ദേഹം തലസ്ഥാനത്ത് തുടരുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റിന് പദ്ധതിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊട്ടസാര ഇന്ന് ഡല്‍ഹി സന്ദർശിച്ചിരുന്നു. പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്നും മന്ത്രിസഭാ പുനഃസംഘടന ഉടൻ സംസ്ഥാനത്ത് നടക്കുമെന്നും രാജസ്ഥാനിലെ പാർട്ടിയുടെ ചുമതലയുള്ള അജയ് മാക്കൻ അറിയിച്ചു.