ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മികച്ച ആസൂത്രണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ രാഹുല്‍ ഗാന്ധി പാര്‍ട്ടി പുത്തൻ പരീക്ഷണങ്ങള്‍ക്ക് കോപ്പ് കൂട്ടുകയാണെന്ന സൂചന നൽകുന്നു. ബിജെപി നടപ്പിലാക്കി വിജയിച്ച ഓണ്‍ലൈൻ പ്രചാരണത്തിന് കോണ്‍ഗ്രസ് മുൻതൂക്കം നല്‍കുന്നുവെന്നാണ് റിപ്പോർട്ട്.
ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവർ പാർട്ടി വിട്ടുപോയത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പാർട്ടിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്ന സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇത്തരം വിഷയങ്ങളെ പ്രതിരോധിക്കാൻ കോണ്‍ഗ്രസ് സൈബർ ടീം ഏറെ പാടുപെടുന്നതും പതിവാണ്.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരുടെ പട്ടിക നിരത്തി ബിജെപി സമൂഹമാധ്യമങ്ങളിൽ വൻ ക്യാമ്പയിൻ നടത്താറുണ്ട്. ഇതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് സോഷ്യല്‍ മീഡിയ ടീമിന് നല്‍കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്.
നയം വ്യക്തമാക്കി രാഹുല്‍
കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവർക്ക് പുറത്ത് പോകാമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്', രാഹുല്‍ വ്യക്തമാക്കി.
രാഹുലിന്‍റെ നയം പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ വഴിവച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് പുറമെ രാഷ്‌ട്രീയത്തന് പുറത്തുള്ള പ്രമുഖരെയും രാഹുല്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആർബിഐ മുൻ ഗവർണർ, രഘുറാം രാജൻ, ബിജെപി വിമർശകനും ലോക ബാങ്കിന്‍റെ ചീഫ് എക്കണോമിസ്റ്റുമായിരുന്ന കൗശിക് ബസു എന്നിവരുടെ പേരുകളാണ് ഉയർന്നുകേള്‍ക്കുന്നത്.
also read : ഭീരുക്കള്‍ക്ക് പാര്‍ട്ടി വിടാം; കോണ്‍ഗ്രസിന് ആവശ്യം ഭയമില്ലാത്തവരെ; രാഹുല്‍ ഗാന്ധി