ന്യൂഡല്‍ഹി : ഇസ്രയേലില്‍ നിന്ന് പെഗാസസ് വാങ്ങിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുതിയ ചാരസോഫ്‌റ്റ്‌വെയറായ കോഗ്നെറ്റ് വാങ്ങാനൊരുങ്ങുകയാണെന്നും ഈ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ്. പുറത്തുവരുന്ന ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മിക്ക രാജ്യങ്ങളും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുള്ളതും പെഗാസസിനേക്കാൾ താഴ്ന്ന പ്രൊഫൈലുള്ളതുമായ പുതിയ ചാരസോഫ്‌റ്റ്‌വെയറിനായി സര്‍ക്കാര്‍ ഓട്ടത്തിലാണ്. മാധ്യമ സ്ഥാപനങ്ങൾ, പൗരാവകാശ പ്രവർത്തകർ, ജുഡീഷ്യറി, അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അനാവശ്യമായി ഇടപെടുന്നതിനായി പെഗാസസ്, കേംബ്രിഡ്‌ജ് അനലറ്റിക്ക, ടീം ജോര്‍ജ് എന്നീ ചാരസോഫ്‌റ്റ്‌വെയറുകളെ പോലെ തന്നെ കോഗ്നെറ്റ് എന്ന ചാര സോഫ്‌റ്റ്‌വെയര്‍ മോദി സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് മീഡിയ തലവന്‍ പവന്‍ ഖേര ചോദ്യമുന്നയിച്ചു.
വിമര്‍ശനം ഇങ്ങനെ : പെഗാസസ് ചാരസോഫ്‌റ്റ്‌വെയറിന്‍റെ ഉടമസ്ഥരായ എൻഎസ്‌പി ഗ്രൂപ്പിനേക്കാള്‍ കുറഞ്ഞ നിലയിലുള്ള ഒരിടത്തുനിന്നും 986 കോടി രൂപ മുടക്കി പുതിയ ചാരസോഫ്‌റ്റ്‌വെയര്‍ സ്വന്തമാക്കാൻ പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. ഒരു പുതിയ ചാരസോഫ്‌റ്റ്‌വെയറിന് അന്തിമരൂപം നൽകാനുള്ള വിപുലമായ ചര്‍ച്ചകളുടെ ഘട്ടങ്ങളിലാണോ മോദി സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിർദേശത്തില്‍ പ്രതിരോധ മന്ത്രാലയവും പ്രവർത്തിക്കാൻ തുടങ്ങി എന്നത് ശരിയാണോ എന്നും പവന്‍ ഖേര ചോദിച്ചു. ചാര സ്ഥാപനമായ കേംബ്രിഡ്‌ജ് അനലറ്റിക്കയുമായി ബിജെപിയ്‌ക്കുള്ള അവിശുദ്ധ കൂട്ടുകെട്ട് 2018 ല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തകര്‍ത്ത 'ചാരന്മാര്‍' : 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന, മഹാരാഷ്‌ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ കേംബ്രിഡ്‌ജ് അനലറ്റിക്ക ബിജെപിക്കായി പ്രചരണം നടത്തിയത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. മാത്രമല്ല ഈയടുത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കായി ടീം ജോർജ് എന്ന പേരിലുള്ള ഇസ്രയേലിൽ നിന്നുള്ള ഹാക്കർമാര്‍ തെറ്റായ പ്രചാരണങ്ങൾ നടത്തിയതും തുറന്നുകാട്ടിയിരുന്നുവെന്നും പവന്‍ ഖേര വ്യക്തമാക്കി. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം നിരീക്ഷണ റാക്കറ്റുമായുള്ള ബിജെപി സര്‍ക്കാരിന്‍റെ പങ്ക് രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പേരെടുത്ത് പറയാതെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
മോദി-ഷാ കൂട്ടുകെട്ടിനെ ഉന്നംവച്ച് : രാജ്യത്ത് രണ്ട് ചാരന്മാരാണുള്ളത്, ഇവര്‍ മറ്റാരെയും വിശ്വസിക്കുന്നുമില്ല. അതുകൊണ്ടുതന്നെ കോടികൾ വിലമതിക്കുന്ന പൊതുജനത്തിന്‍റെ പണം ഇവര്‍ ചാരസോഫ്‌റ്റ്‌വെയര്‍ വാങ്ങാനായി ഉപയോഗിക്കുന്നു. തങ്ങളുടെ കള്ളത്തരം പുറത്തുവരുമെന്ന് ഭയന്നാണ് അവർ ഇത് ചെയ്യുന്നത് എന്നും പവന്‍ ഖേര പറഞ്ഞു. ജനങ്ങളെ ചൂഴ്‌ന്നെടുക്കാൻ സ്‌പൈവെയറിനായി മോദിജി ഇത്രയധികം ചെലവഴിക്കുകയാണെങ്കില്‍, അദാനി ഷെൽ കമ്പനികളിലെ 20,000 കോടി രൂപ ആരുടേതാണെന്ന് രാജ്യത്തോട് പറയാൻ അദ്ദേഹത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.
ആരാണ് ഇവരെ അധികാരപ്പെടുത്തിയത്: നിയമവിരുദ്ധ ചാരസോഫ്‌റ്റ്‌വെയറായ പെഗാസസ് മുമ്പ് വാങ്ങാനും നിലവില്‍പുതിയ ചാരസോഫ്‌റ്റ്‌വെയറായ കോഗ്നെറ്റ് അല്ലെങ്കില്‍ പ്രഡേറ്റര്‍ അല്ലെങ്കില്‍ ക്വാഡ്രീം വാങ്ങാന്‍ പ്രധാനമന്ത്രിയെയോ, ആഭ്യന്തരമന്ത്രിയെയോ ദേശീയ സുരക്ഷ ഏജന്‍സികളെയോ അധികാരപ്പെടുത്തിയതാരാണ്. പൗരന്മാർക്കെതിരെ നിയമവിരുദ്ധമായ ചാരസോഫ്‌റ്റ്‌വെയര്‍ വാങ്ങുകയും വിന്യസിക്കുകയും ചെയ്‌തതിന് കുറ്റക്കാരായവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്. 1885ലെ ടെലിഗ്രാഫ് ആക്‌ടിന്‍റെ സെക്ഷൻ 24, 25, 26 എന്നിവയും 2000 ലെ ഐടി ആക്‌ടിലെ സെക്ഷൻ 66 പ്രകാരവും മന്ത്രിമാർ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥരല്ലേ എന്നും പവന്‍ ഖേര ചോദ്യമുന്നയിച്ചു.
പെഗാസസ് കേസിലും പ്രതികരിച്ച് : സുപ്രീംകോടതി മേല്‍നോട്ടം നല്‍കുന്ന നിരീക്ഷണ സമിതിയാണ് പെഗാസസ് കേസ് അന്വേഷിക്കുന്നതെന്നും അതിൽ സർക്കാർ പൂർണമായി സഹകരിച്ചില്ലെന്നുമാണ് മുൻ ചീഫ് ജസ്‌റ്റിസ് അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 66.7 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തുകയും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ അപകടത്തിലാക്കുകയും ചെയ്‌ത സംഭവത്തില്‍ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.