ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. കോൺഗ്രസ് തങ്ങളുടെ അഴിമതി മറച്ചുവെക്കാൻ അക്രമാസക്തമായ പ്രതിഷേധം നടത്തുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഗാന്ധി കുടുംബത്തിന്‍റെ അഴിമതി മറച്ചുവയ്ക്കുന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന സത്യഗ്രഹത്തിന്‍റെ അന്തസത്തയെന്നും അക്രമത്തെത്തുടർന്ന് കോൺഗ്രസിന്‍റെ നിസഹകരണ പ്രസ്ഥാനം പിരിച്ചു വിടാനുള്ള മഹാത്മാഗാന്ധിയുടെ തീരുമാനം ഉചിതമായിരുന്നുവെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.
പാര്‍ട്ടി നേതാവ് അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നതിന്‍റെ പേരിൽ പാർട്ടി ഇപ്പോൾ നടത്തുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ, പാർട്ടി എത്രമാത്രം ചെറുതായിരിക്കുന്നുവെന്ന് കാണിക്കുന്നുവെന്നും ത്രിവേദി പറഞ്ഞു. രാഹുൽ ഗാന്ധി പാർട്ടിയുടെ പ്രസിഡന്‍റോ പ്രതിപക്ഷ നേതാവോ അല്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്ര രോഷം കൊള്ളേണ്ട കാര്യമില്ലെന്നും ത്രിവേദി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായി പാർട്ടിയുടെ രണ്ട് മുഖ്യമന്ത്രിമാരും നിരവധി എംപിമാരും ഡല്‍ഹിയിലാണ്.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച ഇ.ഡിക്ക് മുമ്പാകെ ഹാജരായി.
Also Read നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുൽ ഗാന്ധി മൂന്നാം ദിനം ഇ.ഡിക്ക് മുന്നില്‍, ഡൽഹിയിൽ കനത്ത പ്രതിഷേധം