ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടില്‍ മാറ്റമില്ലാത്തതോടെ തെരഞ്ഞെടുപ്പ് തന്നെ നടക്കും. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോഖ് ഗെലോട്ട്, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഗെലോട്ടിനെ ഈ പദവിയിലെത്തിക്കാന്‍ അതിയായി ഗാന്ധി കുടുംബം ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് തരൂര്‍ ഇന്നലെ (സെപ്‌റ്റംബര്‍ 19) സോണിയ ഗാന്ധിയെ നേരില്‍ക്കണ്ട് മത്സരിക്കാനുള്ള അനുമതി വാങ്ങിയത്.
പുതിയ പാർട്ടി അധ്യക്ഷനായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അശോക് ഗെലോട്ട് ഓഗസ്റ്റ് 24ന് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്ന രൂപത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ടിന്‍റെ പേര് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം, ഈ വാര്‍ത്തകള്‍ക്കിടയില്‍ പാർട്ടിയുടെ പരമോന്നത സ്ഥാനത്ത് ഇരിക്കാന്‍ അശോക് ഗെലോട്ട് ആഗ്രഹിക്കുന്നത് രാഹുലിനെയാണെന്ന് രാജസ്ഥന്‍ മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. സമാന അഭിപ്രായമാണ് തിരുവന്തപുരം എംപിയും മാധ്യമങ്ങളോട് പങ്കുവച്ചത്.
അതേസമയം, പദവിയിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഗെലോട്ടിന് ഒഴിയേണ്ടിവരും. ഇങ്ങനെയെങ്കില്‍ താന്‍ നിര്‍ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടാണ് ഗെലോട്ടിനുള്ളത്. എന്നാല്‍, ഇക്കാര്യത്തോട് ഗാന്ധി കുടുംബത്തിന് അനുകൂല അഭിപ്രായമില്ലെന്നാണ് വിവരം. ശശി തരൂര്‍ സ്ഥാനാര്‍ഥിയാവുമെന്ന സൂചന വന്നതിന് പിന്നാലെ ഇന്ന് (സെപ്‌റ്റംബര്‍ 20) കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പ്രതികരണം പുറത്തുവന്നു. തങ്ങളുടെ പിന്തുണ ഗാന്ധി കുടുംബത്തിനെന്നാണ് കെ മുരളീധരന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.