റായ്‌പുര്‍: രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു എന്ന സൂചന നല്‍കി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ജനാവലി സാക്ഷിയായ ഭാരത് ജോഡോ യാത്ര പാര്‍ട്ടിയുടെ വഴിത്തിരിവാണെന്നും ഇതോടെ തന്‍റെ ഇന്നിങ്‌സ് അവസാനിച്ചുവെന്നും സോണിയ ഗാന്ധി പറഞ്ഞു. റായ്‌പൂരില്‍ നടക്കുന്ന 85-ാം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാം നാളാണ് സോണിയ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും മുന്നില്‍ മനസ്സുതുറന്നത്.
സന്തുഷ്‌ടയായി പടിയിറക്കം?: 2004 ലും 2009 ലും ഡോ. മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തില്‍ നമ്മള്‍ നേടിയ വിജയങ്ങളില്‍ ഞാന്‍ വ്യക്തിപരമായി സന്തുഷ്‌ടയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ തന്നെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടെ എന്‍റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതില്‍ ഞാന്‍ അതിലുമധികം ചാരിതാര്‍ഥ്യത്തിലാണ് എന്ന് സോണിയ ഗാന്ധി പറഞ്ഞു. അതേസമയം തങ്ങളുടെ മുഖ്യ രാഷ്‌ട്രീയ എതിരാളികളും നിലവിലെ ഭരണപക്ഷവുമായ ബിജെപിക്കെതിരെയും സോണിയ ആഞ്ഞടിച്ചു.
മുച്ചൂടും നശിപ്പിക്കുന്ന ഭരണം: കോണ്‍ഗ്രസിനും രാജ്യത്തിനാകമാനവും ഇത് വെല്ലുവിളികളുടെ സമയമാണ്. ബിജെപിയും ആര്‍എസ്‌എസും രാജ്യത്തിലെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് തരിപ്പണമാക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ എല്ലാ സ്വരങ്ങളെയും അത് നിഷ്‌കരുണം ഇല്ലാതാക്കുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഏതാനും ബിസിനസുകാരുടെ താത്‌പര്യങ്ങള്‍ സംരക്ഷിച്ച് അവര്‍ സാമ്പത്തിക തകര്‍ച്ചയും വരുത്തിവച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദങ്ങളുടെ നിഴലിലായ അദാനി ഗ്രൂപ്പിനെതിരെയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സ്വരം കടുപ്പിച്ചു.
ഭാരത് ജോഡോ എന്ന സൂര്യോദയം: അതേസമയം ഭാരത് ജോഡോ യാത്ര രാജ്യത്തിന് തന്നെ പുത്തന്‍ സൂര്യോദയമാണെന്നും രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും നമ്മള്‍ ഒരുമിച്ച് നേരിടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്ലീനറി സമ്മേളന വേദിയില്‍ പറഞ്ഞിരുന്നു. ആയിരങ്ങള്‍ രാഹുലിനൊപ്പം കൈകോര്‍ത്തതോടെ കോണ്‍ഗ്രസ് ഇപ്പോഴും അവരുടെയെല്ലാം മനസിലുണ്ടെന്നാണ് തെളിഞ്ഞതെന്നും രാഹുല്‍ യുവാക്കളെ പ്രചോദിപ്പിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപിയെ വിമര്‍ശിക്കാനും ഖാര്‍ഗെ മറന്നില്ല. പ്ലീനറി സമ്മേളനം അവസാനിപ്പിക്കാനായി ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ് നടത്തിയിരുന്നു. അവര്‍ നമ്മുടെ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ എല്ലാം നേരിട്ട് നമ്മള്‍ സമ്മേളനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പുഷ്‌പങ്ങള്‍ വിതറി പാതയൊരുക്കി: 85-ാം പ്ലീനറി സമ്മേളനത്തിനായി റായ്‌പൂരിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ചത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. വേദിയിലെത്തുന്ന വഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രിയങ്കയ്‌ക്ക് പുഷ്‌പവൃഷ്‌ടി ഉള്‍പ്പടെയുള്ള സ്വീകരണവും ഒരുക്കിയിരുന്നു. അതേസമയം പ്ലീനറി സമ്മേളനത്തിന്‍റെ മൂന്നാം നാളായ നാളെയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
അഴിച്ചുപണികളുടെ പ്ലീനറി: പ്ലീനറി സമ്മേളനത്തിന്‍റെ ആദ്യദിവസമായ ഇന്നലെ പാര്‍ട്ടിയിലെ തന്ത്രപ്രധാന തീരുമാനങ്ങളെടുക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതുള്‍പ്പടെ പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഭേദഗതി ചെയ്യുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്‌റ്റീറിങ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് എസ്‌സി, എസ്‌ടി, ഒബിസി ന്യൂനപക്ഷങ്ങൾ, 50 വയസ്സിന് താഴെയുള്ള യുവാക്കൾ എന്നിവർക്ക് വർക്കിങ് കമ്മിറ്റിയിൽ 50 ശതമാനം സംവരണം നൽകുന്നതുള്‍പ്പടെ 16 വകുപ്പുകളം 32 ചട്ടങ്ങളും ഭേദഗതി ചെയ്‌തതായും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു.