ന്യൂഡല്‍ഹി: ഉദയ്‌പൂര്‍ ചിന്തൻ ശിബിറിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നതിന് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി സംസ്ഥാന തലത്തില്‍ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്. ജൂണ്‍ 1, 2 തിയതികളില്‍ എഐസിസി ഭാരവാഹികള്‍ പങ്കെടുക്കുന്ന സംസ്ഥാന തല യോഗങ്ങൾ നടക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ 2024 ലെ ദേശീയ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയാകും.
അതിനു ശേഷം ജൂണ്‍ 11 ന് ഉദയ്‌പൂരിലെ ശിബിറിന് സമാനമായ യോഗങ്ങൾ സംസ്ഥാനങ്ങളില്‍ നടത്താന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഓഗസ്റ്റ് 9 മുതല്‍ 15 വരെ ത്രിദിന ആസാദി ഗൗരവ് യാത്രകൾ നടത്താൻ യൂത്ത് കോൺഗ്രസിനും എൻഎസ്‌യുവിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ എന്ന കേന്ദ്രത്തിന്‍റെ വാഗ്‌ദാനം 2014 മുതല്‍ പാലിക്കപ്പെട്ടിട്ടില്ല. യുവ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായി തൊഴിലില്ലായ്‌മയ്ക്ക് എതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും കോൺഗ്രസ് വക്താവ് അറിയിച്ചു.
തീരുമാനങ്ങളില്‍ കൂടിയാലോചനകൾ വേണം: 50 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമെ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വം നല്‍കുകയുള്ളൂവെന്ന തീരുമാനത്തില്‍ കോൺഗ്രസിലെ മുതർന്ന നേതാക്കൾ അസ്വസ്ഥരാണ്. ഇത്തരം തീരുമാനങ്ങള്‍ പ്രയോജനകരമല്ലാത്തതും കൂടുതല്‍ വിയോജിപ്പ് സൃഷ്ടിക്കുന്നതുമാണെന്നാണ് അവരുടെ നിലപാട്. പഴയ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എളുപ്പമല്ലെന്നും കൂടിയാലോചനകളിലൂടെയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മുതിർന്ന പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
also read: കോണ്‍ഗ്രസിന് തിരിച്ചടി: ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു