ന്യൂഡൽഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾക്കൊപ്പം ചേർന്ന് ബിജെപിയെ നേരിടാൻ തീരുമാനിച്ചതായും, അവരുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും കോൺഗ്രസ്. ഡിസംബർ 30, 31 തീയതികളിൽ ഇതുസംബന്ധിച്ച് കോൺഗ്രസിൽ ചർച്ച നടക്കും. ചർച്ചയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ഭാരവാഹികൾ പങ്കെടുക്കുമെന്നും പാർട്ടി അറിയിച്ചു (Congress Panel to Discuss India Alliance Blueprint).
മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദ്, മുകുൾ വാസ്‌നിക്, മോഹൻ പ്രകാശ് എന്നിവരുൾപ്പെടെ അഞ്ചംഗ കോൺഗ്രസ് ദേശീയ സഖ്യ സമിതി, അതത് എഐസിസി സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭ കക്ഷി നേതാക്കൾ നേതാക്കൾ എന്നിവർ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും. പ്രാദേശിക പാർട്ടികളുമായുള്ള സീറ്റ് പങ്കിടൽ സാധ്യതകളെക്കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായമാരായലാണ് ചർച്ചകളിലെ മുഖ്യ അജണ്ടയെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശ് (80 സീറ്റുകൾ), ബിഹാർ (40), മഹാരാഷ്ട്ര (48), ജാർഖണ്ഡ് (14), പഞ്ചാബ് (13), ഡൽഹി (7), ഗുജറാത്ത് (26), അസം (14), ജമ്മു കശ്‌മീർ (6), തമിഴ്‌നാട് (39), പശ്ചിമ ബംഗാൾ (42). എന്നിവിടങ്ങളിലെ സീറ്റ് വിഭജനമാകും പ്രധാനമായി ചർച്ചയാകുക. ഇന്ത്യ മുന്നണിയിൽ ചർച്ചചെയ്യാനുള്ള കോൺഗ്രസ് ബ്ലൂ പ്രിന്‍റും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
Also Read: കോൺഗ്രസിൽ അഴിച്ചുപണി; പ്രിയങ്ക ഗാന്ധിയെ സംസ്ഥാന ചുമതലയിൽ നിന്ന് ഒഴിവാക്കി
തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരെ മാറ്റി നിയമിച്ച് ദിവസങ്ങൾക്കകമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകളാരംഭിക്കാൻ പാർട്ടി നീക്കമാരംഭിച്ചത്. ഡിസംബർ 21 ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ബിജെപിക്കെതിരായ ഫലപ്രദമായ പ്രതിരോധമായി ഇന്ത്യ സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചത്.
“ബിജെപിക്കെതിരെ ഐക്യമുന്നണി സ്ഥാപിക്കാൻ സഖ്യകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സഖ്യകക്ഷികൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല, സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കുറച്ചുകാലമായി ചർച്ചകൾ നടന്നുവരികയാണ്. ഇനി മുതൽ കാര്യങ്ങൾ കൂടുതൽ ആസൂത്രിതമായി മുന്നോട്ട് നീക്കും. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം സുഗമമാക്കും.” ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ ഇടിവി ഭാരതിനോട് പറഞ്ഞു.
യുപിയിലെ പ്രബല പാർട്ടികളായ എസ്‌പിയും ആർഎൽഡിയും ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിലേക്ക് പുതുതായി ബിഎസ്‌പി കൂടി ചേരുമെന്നും അവിനാഷ് പാണ്ഡെ പറഞ്ഞു. “ബിജെപിയുടെ വിഭജന അജണ്ടയ്‌ക്കെതിരെ പോരാടാൻ യുപിയിലെ എല്ലാ പാർട്ടികളും ഒന്നിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2024ലെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുമുള്ളതാണ്. ബിജെപി ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ പൊതുപ്രശ്‌നങ്ങളിലാണ് പ്രതിപക്ഷ സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്,” പാണ്ഡെ കൂട്ടിച്ചേർത്തു.