ന്യൂഡല്‍ഹി : കര്‍ണാടകയില്‍ മേയ് 10ന് നടക്കാനിരിക്കുന്ന നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 66 എഐസിസി നിരീക്ഷകരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുത്തിരിക്കുന്ന നിരീക്ഷകര്‍ മികച്ച രീതിയില്‍ തങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുള്ള സീറ്റുകളില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എഐസിസി സെക്രട്ടറി ഇന്‍ചാര്‍ജ് അഭിഷേക് ദത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
മുന്‍ പിസിസി മേധാവി എന്‍. രഘുവീര റെഡ്ഡി, മുന്‍ മുംബൈ ഘടകം മേധാവി സഞ്ജയ് നിരുപം, എംപിമാരായ ബെന്നി ബെഹന്നാന്‍, കാര്‍ത്തി ചിദംബരം, ജ്യോതിമണി എന്നിവര്‍ക്കാണ് ബെംഗളൂരുവിന്‍റെ ചുമതല. ഇവിടെയുള്ള 25 സീറ്റുകളില്‍ ഓരോ നേതാവും അഞ്ച് വീതം മണ്ഡലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇത്തരത്തില്‍ വിവിധ മണ്ഡലങ്ങള്‍ തരംതിരിച്ച് നേതാക്കള്‍ ഇവിടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. 224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി പ്രവര്‍ത്തിക്കുക, തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ഇടപെടലുകള്‍ നടത്തുക. സംസ്ഥാന നേതാക്കള്‍ക്ക് എല്ലായിടത്തും എത്താനാകാത്ത സാഹചര്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുക തുടങ്ങിയവയാണ് ചുമതലകള്‍.
കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും സിഎല്‍പി നേതാവ് കെ സിദ്ധരാമയ്യയും ചേര്‍ന്ന് 'പ്രജ ധ്വനി' എന്ന പേരില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഏകദേശം 150 സീറ്റുകളിലായി കഴിഞ്ഞ മാസം തന്നെ 'പ്രജ ധ്വനി' പൂര്‍ത്തിയാക്കിയെന്നും നിലവില്‍ ഏറ്റവും താഴ്‌ന തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മേല്‍നോട്ടം വഹിക്കുകയാണെന്നും കര്‍ണാടകയിലെ മുതിര്‍ന്ന നേതാവായ പ്രകാശ് റാത്തോഡ് അറിയിച്ചു.
43 പേരുകള്‍ അടങ്ങുന്ന മൂന്നാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഐസിസി നിരീക്ഷകരുടെ പ്രഖ്യാപനവും നടന്നത്. 224 സീറ്റുകളില്‍ 207 സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടി പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് നിക്ഷിപ്‌തമായ പ്രദേശങ്ങളില്‍ പ്രചാരണ തിരക്കിലാണ്. മിച്ചമുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിലായി നടക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
സൗജന്യ വൈദ്യുതി, തൊഴില്‍രഹിത വേതനം, സ്‌ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. മാത്രമല്ല, ബൊമ്മൈ സര്‍ക്കാരിന്‍റെ പോരായ്‌മകളും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. 'ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള എല്ലാ സാധ്യതകളും കാണുന്നു, ഞങ്ങളുടെ എല്ലാ വിഭവങ്ങളും തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഉള്‍പെടുത്തും. നാളെ രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശനവും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഞങ്ങള്‍ക്ക് ഉന്മേഷം പകരുമെന്ന്' മുതിര്‍ന്ന പാര്‍ട്ടി നേതാവ് സൂരജ് ഹെഗ്‌ഡെ പറഞ്ഞു.
'തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കളുമൊത്ത് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പിനെ വിലയിരുത്തുമെന്നാണ് കരുതുന്നത്. എന്നാല്‍, പ്രാദേശിക തലത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷണം നടപ്പാക്കേണ്ടതിനെ തുടര്‍ന്ന് അത്തരമൊരു വിലയിരുത്തല്‍ നടക്കാതിരിക്കുവാനും സാധ്യതയുണ്ടെന്ന്' ഹെഗ്‌ഡെ പറഞ്ഞു.
'രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന റാലിയില്‍ അവര്‍ തീര്‍ച്ചയായും പങ്കെടുക്കും. ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുമെന്ന കാര്യം തീര്‍ച്ചയാണ്', ഹെഗ്‌ഡെ അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയ്‌ക്കുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അതിന് വിരുദ്ധമായി കോണ്‍ഗ്രസ് ഏകോപനത്തിന്‍റെ മുഖമാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന് ഹെഗ്‌ഡെ പറഞ്ഞു.