ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോളുകളില്‍ കോൺഗ്രസിന് ആശ്വാസകരമായ വാർത്തകളാണ് പുറത്തുവന്നത്. സർവേ അനുകൂലമാണ് എന്നതിന് പുറമെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ. വോട്ട് ചെയ്‌ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാർ, സംസ്ഥാനത്ത് കോൺഗ്രസ് 141 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോൺഗ്രസ് 120 മുതൽ 140 വരെ സീറ്റുകളിൽ വിജയിക്കുമെന്നും സർവേകൾ എല്ലാം തങ്ങൾക്ക് അനുകൂലമാണെന്നും കോൺഗ്രസ് എംഎൽഎ എംബി പാട്ടീലും പറഞ്ഞു. ജനങ്ങളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ സർവേ നടത്തിയതിനാലാണ് കോൺഗ്രസ് ഇത്തവണ അധികാരത്തിലെത്തുമെന്ന റിപ്പോർട്ട് വന്നത്. 2013-18ൽ തങ്ങളുടെ സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 72.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മെയ് 13നാണ് ഫലപ്രഖ്യാപനം. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും ബിജെപിയും ജെഡിഎസും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുമെന്നുമാണ് പ്രവചനം.