ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടികളുടെ കുടുംബത്തിന് നൽകിയ ചെക്ക് മടങ്ങിയതിനെ തുടർന്ന് മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ വീരേന്ദ്രകുമാർ, വൈ കെ ശർമ, അമിത് ജാനി എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. അതേസമയം രാഷ്‌ട്രീയ ദുരുദ്ദേശ്യമാണ് കേസുകൾ രജിസ്റ്റർ ചെയ്‌തതിന് പിന്നിലെന്ന് ആരോപിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നു.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിഘാസനിലെ രണ്ട് ദലിത് സഹോദരിമാരുടെ കുടുംബത്തിന് കോൺഗ്രസ് നേതാക്കൾ ചെക്ക് നൽകിയതായാണ് വിവരം. സെപ്‌റ്റംബർ 14 നാണ് നിഘസൻ പൊലീസ് സ്റ്റേഷൻ പരിധിയില്‍, വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കരിമ്പിന്‍ തോട്ടത്തില്‍ കൗമാരക്കാരായ സഹോദരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്‌തു.
പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി വൈ കെ ശർമ കുടുംബത്തിന് ചെക്ക് നൽകി. കൂടാതെ കോൺഗ്രസ് എംഎൽഎ വീരേന്ദ്രകുമാറും മറ്റൊരു കോൺഗ്രസ് നേതാവ് അമിത് ജാനിയും കുടുംബത്തിന് സഹായമായി ചെക്ക് നൽകിയിരുന്നു. എന്നാൽ മൂന്ന് ചെക്കുകളും മടങ്ങിയതായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരൻ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
വൈ കെ ശർമയും വീരേന്ദ്ര കുമാറും കുടുംബത്തിന് നല്‍കിയത് ഒപ്പിടാത്ത ചെക്കുകളായിരുന്നു. എന്നാല്‍ അക്കൗണ്ടിൽ പണമില്ലാത്തതിനാലാണ് അമിത് ജാനി നല്‍കിയ ചെക്ക് മടങ്ങിയത് എന്ന് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്‌ചയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമാണ് ഈ കേസെന്ന് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പ്രഹ്ലാദ് പട്ടേൽ ആരോപിച്ചു. ഒപ്പില്ലാത്തതിനാൽ മടങ്ങിയ രണ്ട് ചെക്കുകളുടെ വിഷയം ഉടന്‍ പരിഹരിക്കുമെന്നും ടിക്കുനിയ സംഭവത്തിൽ കർഷകർക്കും ഇരകളുടെ കുടുംബങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ സഹായം കോൺഗ്രസ് പാർട്ടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.