ധാമോഹ് (മധ്യപ്രദേശ്): 'ഭരണഘടനയെ രക്ഷിക്കാന്‍ മോദിയെ വധിക്കണം' എന്ന് വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജ പടേരിയ അറസ്‌റ്റില്‍. ഇന്നലെ പൊലീസ് രാജ പടേരിയയ്‌ക്കെതിര എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഡിജിപിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തുകയും പടേരിയയെ ഉടന്‍ തന്നെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുമാണ് നടപടി.
അതേസമയം, പ്രധാനമന്ത്രിയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പടേരിയയോട് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടിസ് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് എന്ത് കൊണ്ട് പുറത്താക്കരുത് എന്നതിന് മൂന്ന് ദിവസത്തിനകം പടേരിയയോട് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി പടേരിയയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഐപിസിയിലെ 451, 504, 505 (1)(ബി), 505 (1)(സി), 506, 153-ബി (1)(സി) തുടങ്ങിയ വകുപ്പ് പ്രകാരമാണ് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. തുടര്‍ന്ന് ധാമോഹ് ജില്ലയിലുള്ള അദ്ദേഹത്തിന്‍റെ വസതിയിലെത്തിയായിരുന്നു പൊലീസ് പടേരിയയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
'പ്രധാനമന്ത്രി മോദി, ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണ്. ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഭരണഘടന പോലും അപകടത്തിലായ സാഹചര്യത്തില്‍ രക്ഷപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാകൂ' - ഇങ്ങനെയായിരുന്നു രാജ പടേരിയയുടെ പ്രസംഗം.
കോൺഗ്രസ് നേതാവിന്‍റെ വിവാദ പ്രസ്‌താവനയുടെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, കൊല്ലുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തോൽപ്പിക്കലാണെന്നും വാക്കുകള്‍ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും പടേരിയ പ്രതികരിച്ചു.
ALSO READ:'മോദിയെ കൊല്ലണം'; കോണ്‍ഗ്രസ് നേതാവിന്‍റെ ആഹ്വാനം വിവാദത്തില്‍, കേസെടുക്കാന്‍ സര്‍ക്കാര്‍