ന്യൂഡൽഹി: 'വിദ്വേഷത്തിനെതിരെ ഇന്ത്യ' എന്ന ഓൺലൈൻ കാമ്പയിനുമായി കോൺഗ്രസ്. രാജ്യത്തുടനീളമുള്ള വർഗീയ അക്രമ സംഭവങ്ങളെ അപലപിച്ച് 13 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ക്യാംപയിന്‍ ആരംഭിച്ചത്. അതിനുംമുന്‍പ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദേശീയ മാധ്യമത്തിൽ അക്രമങ്ങളെ അപലപിച്ചുകൊണ്ടും കേന്ദ്രത്തിന്‍റെ മൗനത്തെ ചോദ്യം ചെയ്‌തുകൊണ്ടും ലേഖനം എഴുതുകയും ചെയ്‌തിരുന്നു.
പ്രശ്‌നങ്ങൾ ഉന്നയിക്കുക മാത്രമല്ല, അവയെ പ്രതിരോധിക്കാനും പാർട്ടി ഇടപെടല്‍ നടത്തുന്നുണ്ടെന്ന സന്ദേശമാണ് ക്യാംപയിനിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ക്യാംപയിന്‍റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഉപയോഗിക്കാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യർഥിച്ചു. കൂടാതെ, വിദ്വേഷങ്ങൾക്കെതിരെ പ്രതികരിക്കാനും ദൃശ്യങ്ങൾ അയക്കാനുമായി വാട്‌സ്ആപ്പ് നമ്പറും പാർട്ടി പുറത്തിറക്കി.
വിദ്വേഷ പ്രചരണങ്ങളുടെ ഭാഗമായി നടന്ന അക്രമങ്ങളിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ആഘോഷങ്ങളും ഒത്തൊരുമയോടെയുള്ള ജീവിതവുമാണ് ഇന്ത്യയുടെ യഥാർഥ സംസ്‌കാരം. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങൾ രാജ്യത്തെ ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. അതിനുമേൽ കൂടി ബിജെപി വിദ്വേഷത്തിന്‍റെ ബുൾഡോസർ ഓടിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ജഹാംഗീർപുരി മേഖലയിലെ വർഗീയ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സമാധാനവും ഐക്യവും നിലനിർത്തണമെന്ന് അഭ്യർഥിക്കുന്നുവെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു.