ന്യൂഡൽഹി: അംബേദ്‌കർ ജയന്തി ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ ചാനലായ 'ഐഎൻസി ടിവി' പ്രവർത്തനം ആരംഭിച്ചു. സന്ദേശങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക, രാജ്യത്തെ പക്ഷപാതപരമായ മാധ്യമങ്ങളെ കൈകാര്യം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുഖ്യ വക്താവ് രൺദീപ് സിംഗ് സുർജേവാല, അഖിലേന്ത്യാ മഹിളാ കോൺഗ്രസ് മേധാവി സുസ്മിത ദേവ്, എൻഎസ്‌യുഐ പ്രസിഡന്‍റ് നീരജ് കുന്ദൻ എന്നിവർ ചേർന്നാണ് ചാനൽ ഉദ്ഘാടനം ചെയ്തത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർഥം ദേശീയ പഞ്ചായത്തിരാജ് ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ന് ചാനൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ഒരു ദിവസം 8 മണിക്കൂർ തത്സമയ സംപ്രേക്ഷണം നടത്തുന്ന ചാനൽ ഹിന്ദിയിലും ഇംഗ്ലീഷിലും സംപ്രേക്ഷണം നടത്തും. മുതിർന്ന ടിവി ജേർണലിസ്റ്റ് ഭൂപേന്ദ്ര നാരായൺ സിങ്ങിന്‍റെ നേതൃത്വത്തിലായിരിക്കും ചാനൽ പ്രവർത്തിക്കുക.
ഇന്ന് കീഴ്‌പ്പെടുത്തലുകളും, വിയോജിപ്പുകളുടെയും അഭിപ്രായങ്ങളുടെയും അടിച്ചമർത്തലും ഈ രാജ്യത്ത് ആകെ വ്യാപിച്ചിരിക്കുന്നുവെന്നും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഐഎൻസി ടിവി എന്നും രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
അതേ സമയം ഓരോ 11 മിനിറ്റിലും ഇന്ത്യയിൽ ഒരു ദലിതർക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എംപി മല്ലികാർജുൻ ഖാർഗെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. പത്രപ്രവർത്തനം നമ്മുടെ രാജ്യത്ത് ഒരു വ്യാപാരമായി മാറിയെന്ന് അംബേദ്‌കർ പോലും വിശ്വസിച്ചിരുന്നതായും ബിജെപി സർക്കാർ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്‍റെ സത്യം വളരെക്കാലമായി മറച്ചുവെച്ചിട്ടുണ്ട്. സത്യം കേൾക്കാൻ നമ്മുടെ രാജ്യത്തിന് അവകാശമുണ്ട്. ഈ ചാനലിലൂടെ അത് പുറത്തുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.