വയനാട്: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടികളില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിക്കെതിരായ നടപടികൾക്കെതിരെയും, മോദി-അദാനി ബന്ധം തുറന്നുകാട്ടിയും സത്യവേമ ജയതേ എന്ന സന്ദേശമുയര്‍ത്തി രാജ്യ വ്യാപകമായി ജയ് ഭാരത് സത്യഗ്രഹം എന്ന പേരില്‍ പ്രക്ഷോഭ, കാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെ ബ്ലോക്ക് തലങ്ങളിലും, ഏപ്രില്‍ 10 മുതല്‍ 20 വരെ ജില്ലാ തലങ്ങളിലും, 20 മുതല്‍ 30 വരെയും സംസ്ഥാന തലത്തിലും എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും പരിപാടികള്‍ നടത്തുക. ഏപ്രില്‍ മൂന്നാം വാരം ഡല്‍ഹിയില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ജയ് ഭാരത് സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിനെ വലിച്ച് താഴെയിടും: മോദി-അദാനി ബന്ധം തുറന്ന് കാട്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടാന്‍ തയ്യാറായ എല്ലാരെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക. രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈകുന്നുവെന്നത് പ്രചാരണം മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കുറ്റമറ്റ രീതിയിലുള്ള അപ്പീല്‍ നല്‍കാനുള്ള കാലതാമസം മാത്രമാണുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതുകൊണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകുകയാണ്. മോദി സര്‍ക്കാരിനെ വലിച്ചുതാഴെയിടുകയെന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
ആസൂത്രിത ഗൂഢാലോചന: രാഹുല്‍ ഗാന്ധിക്കെതിരെ നടന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്. അദാനിയുമായുള്ള മോദിയുടെ ബന്ധത്തിന്‍റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചപ്പോള്‍ ഇനി രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിനകത്ത് ശബ്‌ദിക്കരുത് എന്ന തീരുമാനത്തിന്‍റെ ഭാഗമാണത്. ലോക്‌സഭ രേഖകളില്‍ നിന്ന് പോലും മോദിയും അദാനിയുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും, പ്രസംഗങ്ങളും നീക്കം ചെയ്‌തു.
യഥാര്‍ഥത്തില്‍ സത്യം വിളിച്ച് പറയാനുള്ള രാഹുല്‍ ഗാന്ധിയുടെ അവകാശം ഇല്ലാതാക്കിയ മോദിയുടെ നടപടി തെരഞ്ഞെടുത്തയച്ച വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എത്രയൊക്കെ അയോഗ്യനാക്കാനും, ജയിലിലടക്കാനും ശ്രമിച്ചാലും നിലക്കാത്ത ശബ്‌ദമായി രാഹുല്‍ ഗാന്ധി സത്യങ്ങള്‍ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോണ്‍ഗ്രസ് ഭരണത്തിലെത്തും: കര്‍ണാടകയില്‍ ബഹുഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. സംവരണം അടക്കമുള്ള വൈകാരികമായ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാനാവും. നിയമപരമായ വ്യക്തതയോടെയായിരിക്കും അത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്ത സമ്മേളനത്തില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റുമാരായ എന്‍ ഡി അപ്പച്ചന്‍, പ്രവീണ്‍ കുമാര്‍, വി എസ് ജോയി, ഐ സി ബാലകൃഷ്‌ണന്‍ എംഎല്‍എ, കെ കെ ഏബ്രഹാം, പി കെ ജയലക്ഷ്‌മി, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുത്തു.