ഹൈദരാബാദ്: ഒരുക്കങ്ങൾ അതി ഗംഭീരം. ഹൈദരാബാദ് എല്‍ബി നഗറിലെ ലാൽബഹദൂർ സ്റ്റേഡിയത്തിൽ ഇന്ന് (ഡിസംബർ ഏഴ്) ഉച്ചയ്ക്ക് 1.04ന് എ. രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ തമിഴിസൈ സൗന്ദരരാജൻ രേവന്തിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേല്‍ക്കുന്ന ചടങ്ങ് കാണാൻ ഒരു ലക്ഷം പേർ എത്തുമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ, ഇന്ത്യ മുന്നണിയിലെ പ്രമുഖർ എന്നിവർ ചടങ്ങിന് എത്തുമെന്നാണ് തെലങ്കാന കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ ആറിന ഉറപ്പുകളുടെ കരട് ബില്ലില്‍ ആകും മുഖ്യമന്ത്രി എന്ന നിലയില്‍ രേവന്ത് റെഡ്ഡി ആദ്യമായി ഒപ്പ് വയ്ക്കുക എന്നാണ് സൂചന.
തെലങ്കാന മുൻ മുഖ്യമന്ത്രിമാരായ കെ ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരെ പ്രത്യേകം ക്ഷണിച്ചതായാണ് തെലങ്കാന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ അറിയിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെയുള്ള ചില ഇടതുപക്ഷ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സസ്‌പെൻസ് നിലനിർത്തി മന്ത്രിസഭ: തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകണം എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവണം, ആദ്യ ദിവസം എത്ര പേർ സത്യപ്രതിജ്ഞ ചെയ്യണം എന്ന വിഷയത്തിൽ രേവന്ത് റെഡ്ഡി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും സ്ഥിരീകരണം ആയിട്ടില്ല. എത്ര പേരെയാണ് മന്ത്രിസഭയില്‍ ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ആയില്ലെന്നാണ് ഇന്നലെ രാത്രി വൈകിയും കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. ഉപമുഖ്യമന്ത്രിയായി മല്ലുഭട്ടി വിക്രമാർകയും സീതാക്ക എന്ന അനസൂയ, ശ്രീധർ ബാബു, പ്രേംസാഗർ റാവു, മൽറെഡ്ഡി രംഗ റെഡ്ഡി, ഗദ്ദം വിനോദ് എന്നിവർ മന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉറപ്പുകൾ പാലിക്കുമെന്ന് രാഹുല്‍: തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങൾ രേവന്ത് റെഡ്ഡി സർക്കാർ പാലിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യം ചേരുന്ന മന്ത്രി സഭ യോഗത്തില്‍ കോൺഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ ആറ് ഉറപ്പുകളില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസം നീണ്ടു നിന്ന മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് രേവന്ത് റെഡ്ഡിയെ തെലങ്കാന കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ചൊവ്വാഴ്‌ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ രേവന്ത് റെഡ്ഡി ബുധനാഴ്ച കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരെ നേരില്‍ കണ്ടിരുന്നു.
നിലവില്‍ ലോക്‌സഭ എംപി കൂടിയായ രേവന്ത് ലോക്‌സഭ സ്‌പീക്കർ ഓം ബിർള, മനീഷ് തിവാരി, രമ്യ ഹരിദാസ്, കൊടിക്കുന്നിൽ സുരേഷ്, പി.രാമുലു, സുപ്രിയ സുലെ ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗം ദീപേന്ദ്ര സിംഗ് ഹൂഡ, സി എം രമേഷ്, ജ്യോതിമണി സെന്നിമലൈ, ഹൈബി ഈഡൻ, രാംമോഹൻ നായിഡു, കനകമേടല രവീന്ദ്രകുമാർ, രഘുരാമകൃഷ്ണരാജു, എസ്. നിരഞ്ജൻ റെഡ്ഡി, കോത്തഗിരി ശ്രീധർ എന്നിവരെയും കണ്ട ശേഷമാണ് ഹൈദരാബാദിലേക്ക് മടങ്ങിയത്.
read more:തോല്‍വിയുടെ ഭാരം പങ്കുവയ്‌ക്കാന്‍; കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹിന്ദി ഹൃദയ ഭൂമി നേതാക്കളെ വിളിച്ചുവരുത്തി