ജയ്‌പൂര്‍ (രാജസ്ഥാൻ): കോൺഗ്രസ് ഒരു മഹാസമുദ്രം പോലെയാണെന്നും ആരെങ്കിലും പാർട്ടി വിട്ടാലും വലിയ വ്യത്യാസമുണ്ടാകില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാർട്ടി വിട്ടു പോയവർ തിരിച്ചു വന്നിട്ടുണ്ടെന്നതാണ് മുൻകാല ചരിത്രമെന്നും ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ആർപിഎൻ സിങ് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ പരാമർശം.
'രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അറിയപ്പെടുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണ്. ബിജെപി അധികാരത്തിലുണ്ടെങ്കിലും വടക്കുകിഴക്കൻ മേഖലയിലും ദക്ഷിണേന്ത്യയിലും ബിജെപിയെ ആരും ഗൗനിക്കുന്നില്ല. കോൺഗ്രസ് അധികാരത്തിലില്ല, പക്ഷേ പാർട്ടിക്ക് രാജ്യത്തിന്‍റെ മുക്കിലും മൂലയിലും സ്വാധീനമുണ്ട്. അതുകൊണ്ട് നേതാക്കൾ കോൺഗ്രസ് വിടുന്നത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ല,' ഗെലോട്ട് പറഞ്ഞു.
Read more: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് ബിജെപിയില്‍
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍പിഎന്‍ സിങ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ പദ്രാനയുടെ രാജസാഹബ് എന്നാണ് ആര്‍പിഎന്‍ സിങ് അറിയപ്പെടുന്നത്. 15ാം ലോക്‌സഭയില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ആര്‍പിഎന്‍ സിങ് രണ്ടാം യുപിഎ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു.