ന്യുഡൽഹി : സുനിൽ ജാഖറിന്‍റെയും കെവി തോമസിന്‍റെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ എകെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അച്ചടക്ക സമിതി ഉടൻ യോഗം ചേരും. ഏപ്രിൽ 11 ന് രണ്ട് നേതാക്കൾക്കും പാനൽ നോട്ടീസ് അയച്ചിരുന്നു. മറുപടി സമർപ്പിക്കാൻ ഒരാഴ്‌ചത്തെ സമയം നൽകി.
നോട്ടീസുകൾക്ക് ജാഖർ മറുപടി നൽകിയിട്ടില്ലെന്നും കോൺഗ്രസ് ഭരണഘടന അനുസരിച്ച് പാനൽ തീരുമാനിക്കുന്ന പ്രകാരം പുറത്താക്കൽ അല്ലെങ്കിൽ സസ്പെൻഷൻ നേരിടേണ്ടിവരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മുൻ പഞ്ചാബ് യൂണിറ്റ് മേധാവിയായ ജാഖർ, ദളിത് സിഖ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നിക്കെതിരെ അപകീർത്തികരമായ ചില പരാമർശങ്ങൾ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയോട് ചന്നി ഈ വിഷയം ഉന്നയിച്ചിരുന്നു. ദളിത് സമുദായത്തിലെ കോൺഗ്രസ് നേതാക്കളായ ഉദിത് രാജും രാജ് കുമാർ വെർക്കയും ജാഖറിനെ പരാമർശങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സിപിഐ എമ്മിന്‍റെ 23-ാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടന്ന കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കരുതെന്ന് ശശി തരൂരിനോടും കെ വി തോമസിനോടും പാർട്ടി ആവശ്യപ്പെട്ടിരുന്നു. തരൂർ പാർട്ടി നിർദ്ദേശം പാലിച്ചെങ്കിലും കെ വി തോമസ് ധിക്കരിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തത്.