ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങൾക്കായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിച്ചു (Congress election committee). രാജസ്ഥാൻ, കേരളം, തെലങ്കാന, ഛത്തീസ്‌ഗഡ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കായാണ് ഇന്നലെ തെരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിച്ചത്. എട്ട് സംസ്ഥാനങ്ങളുടെയും സമിതികൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Congress President Mallikarjun Kharge) അംഗീകാരം നൽകി.
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് സമിതിയും രാഷ്ട്രീയ കാര്യ സമിതിയും രൂപീകരിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രഖ്യാപിച്ചു. ജിതു പട്വാരി മധ്യപ്രദേശിന്‍റെയും ഗോവിന്ദ് സിങ് ദോട്ടസാര രാജസ്ഥാന്‍റെയും അധ്യക്ഷനാണ്.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുൻ കേന്ദ്രമന്ത്രിമാരായ സച്ചിൻ പൈലറ്റ്, ജിതേന്ദ്ര സിംഗ് എന്നിവർ പുതുതായി രൂപീകരിച്ച സമിതിയിൽ അംഗങ്ങളാണ്. മഹേന്ദ്രജീത് സിംഗ് മാളവ്യ, മോഹൻ പ്രകാശ്, സി പി ജോഷി, ഹരീഷ് ചൗധരി, രാംലാൽ ജാട്ട്, പ്രമോദ് ജെയിൻ ഭയ, പ്രതാപ് സിംഗ് ഖാചാരിയവാസ്, മംമ്ത ഭൂപേഷ്, ഭജൻ ലാൽ ജാതവ്, മുരാരി ലാൽ മീണ, അശോക് ചന്ദന, നീരജ് ഡാംഗി, സുബൈർ ഖാൻ, ധീരജ് ഗുർജാർ, രോഹിത് ബോറ, ഇന്ദ്ര മീണ, ദുംഗർ രാം ഗേദാർ, ഷിംല ദേവി നായക്, ലളിത് യാദവ് എന്നിവരും കമ്മിറ്റിയുടെ ഭാഗമാണ്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേരത്തെ സെന്‍ട്രല്‍ വാർ റൂം ആരംഭിച്ചിരുന്നു. ശശികാന്ത് സെന്തിൽ ആണ് വാർ റൂമിന്‍റെ ചെയർമാൻ. ഗോകുൽ ബുട്ടെയ്ൽ, നവീൻ ശർമ്മ, വരുൺ സന്തോഷ്, ക്യാപ്റ്റൻ അരവിന്ദ് കുമാർ. വൈഭവ് വാലിയ എന്നിവരെയാണ് വൈസ് ചെയർമാന്‍മാരായി നിയമിച്ചത്. കൂടാതെ പാർട്ടി പബ്ലിസിറ്റി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.