ഗുവഹട്ടി: സമുദായിക പാർട്ടികളുമായി ബന്ധമുള്ള കോൺഗ്രസ് തന്നെ ബിജെപിയെ വർഗീയ പാർട്ടി എന്ന് പറയുന്നുവെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ. "കേരളത്തിൽ അവർ സിപിഎമ്മിന് എതിരാണ്, ബംഗാളിലും അസമിലും അവർ സിപിഐഎമ്മിനൊപ്പമാണ്, അതിനാൽ അവരുടെ ചിന്ത എന്താണ്. കേരളത്തിൽ വർഗീയതയെക്കുറിച്ച് സംസാരിച്ചാൽ അവർ മുസ്ലിം ലീഗിനൊപ്പമാണ്, അവർ ബംഗാളിൽ അബ്ബാസിനോടൊപ്പമാണ്, ഇവിടെ അസമിൽ ബദ്രുദ്ദീനുമൊപ്പമുണ്ട്. അവർ ഞങ്ങളെ വർഗീയതയെന്ന് വിളിക്കുന്നു, " ബിജെപി നേതാവ് പറഞ്ഞു.
സാമുദായിക പാർട്ടികളുമായി സഹകരിച്ച് വർഗീയത പ്രചരിപ്പിക്കുന്നത് കോൺഗ്രസ് ചരിത്രമാണെന്നും അസമിലെ ജനങ്ങൾക്ക് ഇത് അറിയാമെന്നും അവർ അവരെ രണ്ട് ഘട്ടങ്ങളായി ഒരു പാഠം പഠിപ്പിച്ചുവെന്നും ഇനിയും അതുപോലെതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബദ്‌റുദ്ദീനെ അസം സംസ്കാരത്തിന്‍റെ ഭാഗമെന്ന് വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന് അസം സംസ്കാരമെന്താണെന്ന് അറിയില്ല എന്നായിരുന്നു നദ്ദയുടെ മറുപടി.
അവസരവാദത്തിന്‍റെ രാഷ്ട്രീയമാണ് രാഹുലിന്‍റേത് അതിനാലാണ് ബദ്‌റുദ്ദീനെ പോലെയുള്ളവരെ രാഹുൽ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബദ്‌റുദ്ദീന്‍ ഓൾ ഇന്ത്യ യൂണിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്‍റെ നേതാവാണ്. അസമിൽ കോൺഗ്രസിന് ആൾ ഇന്ത്യ യൂണിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, സിപിഐ, സിപിഎം, ബോഡോലാന്‍റ് പീപ്പിൾസ് ഫ്രണ്ട്, അഞ്ചലിക് ഗണ മോർച്ച എന്നിവയുമായി സഖ്യമുണ്ട്.