ന്യൂഡല്‍ഹി: സൈനികര്‍ക്ക് നേരെയുള്ള ആക്രമണത്തിനിടയിലുള്ള കേന്ദ്രത്തിന്‍റെ വിദേശനയത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. ജമ്മു കശ്‌മീരിലുള്ള ഇന്ത്യൻ സൈനികർക്ക് നേരെ കാബൂള്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നിരിക്കെയും താലിബാന്‍ നയിക്കുന്ന അഫ്‌ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കേന്ദ്രത്തിന്‍റെ വിദേശനയത്തിനെതിരെയുമാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. അടുത്തിടെ അഫ്‌ഗാനിസ്ഥാന് 200 കോടി രൂപ വികസന സഹായം വാഗ്‌ദാനം ചെയ്‌ത വദേശനയത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
തീവ്രവാദം പറയുന്നവര്‍ക്ക് സഹായമോ ?: അമേരിക്കൻ സേന ഉപേക്ഷിച്ചതും താലിബാൻ നിയന്ത്രണത്തിലുള്ളതുമായ ആയുധങ്ങൾ തീവ്രവാദ സംഘടനകളുടെ കൈകളിലെത്തുകയാണ്. അടുത്തിടെ, പൂഞ്ചിൽ നമ്മുടെ അഞ്ച് സൈനികരെ കൊലപ്പെടുത്താൻ ഭീകരർ ബുള്ളറ്റ് പ്രൂഫ് കവചത്തിൽ തുളച്ചുകയറാൻ കഴിയുന്ന സ്റ്റീൽ കോർ ബുള്ളറ്റുകളാണ് ഉപയോഗിച്ചത്. ഈ വെടിയുണ്ടകള്‍ക്ക് താലിബാനുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് മീഡിയ തലവന്‍ പവൻ ഖേര പറഞ്ഞു. മുമ്പ് കശ്‌മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളിലും ഉപയോഗിച്ചത് ഈ കള്ളക്കടത്ത് ആയുധങ്ങളാണെന്നും പവന്‍ ഖേര കുറ്റപ്പെടുത്തി.
താലിബാന്‍ നയിക്കുന്ന അഫ്‌ഗാനിസ്ഥാനുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്‍റെ വിദേശനയം പുനര്‍പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ തീവ്രവാദ സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള താലിബാനുമായി സംസാരിക്കുന്നത് ശരിയാണോ എന്നും ഈ വിഷയം സര്‍ക്കാര്‍ താലിബാന് മുന്നില്‍ ഉയര്‍ത്തുമോ എന്നും പവന്‍ ഖേര ചോദിച്ചു. പൂഞ്ചിലെ ഭീകരാക്രമണം, 2019ലെ പുൽവാമ ഭീകരാക്രമണം, കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങൾ, നിയന്ത്രണരേഖയിലെ ചൈനീസ് നുഴഞ്ഞുകയറ്റം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി നിശബ്‌ദനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഭീകരാക്രമണങ്ങളില്‍ പ്രതികരിക്കാത്തതെന്തേ': ഏപ്രിൽ 20ന് പൂഞ്ചിലുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയോ, വിദേശകാര്യ മന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ഒരു വാക്കുപോലും പ്രതികരിച്ചിട്ടില്ല. ഈ നിശബ്‌ദത സർക്കാരിന്റെ മുൻഗണനകളെയാണ് കാണിക്കുന്നത്. ഇത്തരം ഭീകരാക്രമണങ്ങൾ തടയാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അവയെക്കുറിച്ചുള്ള ചർച്ചകൾ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ആക്രമണത്തിന് പിന്നിലെ വീഴ്‌ചകളെക്കുറിച്ച് മുൻ ജമ്മു കശ്‌മീര്‍ ഗവർണർ സത്യപാൽ മാലിക് അടുത്തിടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
അപകടം വിതച്ചത് കള്ളക്കടത്ത് ആയുധങ്ങള്‍: പൂഞ്ചിലെ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌റ്റീല്‍ കോര്‍ ബുള്ളറ്റുകള്‍ അഫ്‌ഗാനിസ്ഥാനിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ അധിനിവേശത്തിലായിരുന്നപ്പോൾ നാറ്റോ സേന ഉപയോഗിച്ചിരുന്നതാണെന്ന് പവന്‍ ഖേര പറഞ്ഞു. 2021 ഓഗസ്‌റ്റില്‍ യുഎസ് സേന അഫ്‌ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ, ഈ സ്‌റ്റീല്‍ കോര്‍ ബുള്ളറ്റുകള്‍ താലിബാന്‍ വഴി ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്‌ബ, ജെയ്‌ഷ് ഇ മൊഹമ്മദ് എന്നിവരുടെ കൈയ്യിലെത്തി.
ഈ ആയുധ കൈമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. 2022 ഫെബ്രുവരി 28ന് അഫ്‌ഗാനിസ്ഥാൻ പുനർനിർമാണത്തിനായുള്ള യുഎസ് സ്‌പെഷ്യൽ ഇൻസ്‌പെക്‌ടർ ജനറലിന്‍റെ റിപ്പോർട്ട് പ്രകാരം വരുമാനം കണ്ടെത്തുന്നതിനായി താലിബാന് ഇത്തരം ആയുധങ്ങൾ വിൽക്കാൻ കഴിയുമോ എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നതായും പവന്‍ ഖേര പറഞ്ഞു. ഉപേക്ഷിച്ചുപോയ യുഎസ് നിർമ്മിത പിസ്‌റ്റളുകളും ഗ്രനേഡുകളും നൈറ്റ് ബൈനോക്കുലറുകളും താലിബാൻ വഴി ആയുധ ഇടപാടുകാരിൽ എത്തുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.