ന്യൂഡൽഹി: പ്രതിഷേധിക്കുന്ന കർഷകർക്കും മാധ്യമപ്രവർത്തകർക്കും നിയമ സഹായം നൽകുമെന്ന് കോൺഗ്രസ്. രാജ്യസഭാ അംഗം വിവേക് തങ്ക അധ്യക്ഷനായ ലീഗൽ സെല്ലിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കോൺഗ്രസ് ലീഗൽ സെല്ലുകളിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
നിയമ സഹായം നൽകാൻ തയറാണെന്ന് അറിയിക്കാൻ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ലീഗൽ സെല്ലിലെ മേധാവികളുടെ സംഘം ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ കാണും.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും ലീഗൽ സെല്‍ രൂപികരിക്കാനും യോഗത്തിൽ തീരുമാനമായി. കർഷക പ്രക്ഷോഭത്തെത്തുടർന്ന് ഇന്‍റർനെറ്റ് സംവിധാനം തടഞ്ഞത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
കർഷക നിയമത്തിനെതിരെ പോരാടുന്ന കർഷകർക്കൊപ്പമാണന്നും കർഷകർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കോൺഗ്രസ് അറിയിച്ചു.