ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കാറിൽ നിന്ന് നോട്ടുകെട്ടുകളുമായി പിടികൂടിയ മൂന്ന് ജാർഖണ്ഡ് എംഎൽഎമാരെ കോണ്‍ഗ്രസ് സസ്‌പെൻഡ് ചെയ്‌തു. ജംതാര എംഎൽഎ ഇർഫാൻ അൻസാരി, ഖിജ്‌രി എംഎൽഎ രാജേഷ് കച്ചാപ്പ്, കൊലെബിര എംഎൽഎ നമാൻ ബിക്‌സൽ കൊങ്കരി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പശ്ചിമ ബംഗാളിൽ വച്ച് ഇന്നലെയാണ് എംഎൽഎമാർ സഞ്ചരിച്ച കാറിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്തത്.
അതേസമയം ഇഡി പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തുകൊണ്ട് ജാർഖണ്ഡിലെ സർക്കാരിനെ വീഴ്‌ത്താനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് ജാർഖണ്ഡിന്‍റെ എഐസിസി ചുമതലയുള്ള അവിനാഷ് പാണ്ഡെ ആരോപിച്ചു. എന്നാൽ ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യസർക്കാർ സുരക്ഷിതമാണെന്നും സർക്കാർ അതിന്‍റെ പൂർണതയിൽ പ്രവർത്തിക്കുമെന്നും പാണ്ഡെ വ്യക്‌തമാക്കി.
ഒരു സംസ്ഥാന മുഖ്യമന്ത്രി ഞങ്ങളുടെ എംഎൽഎമാരുമായി ബന്ധപ്പെടുന്നു, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഒരു കേന്ദ്രമന്ത്രി അവരെ ഭീഷണിപ്പെടുത്തുന്നു. ഇതൊരു ഗൂഢാലോചനയാണ്. അസം മുഖ്യമന്ത്രി ഈയിടെ പതിവായി ഡൽഹിയിൽ വരാറുണ്ട്. അദ്ദേഹം ആരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസിന് അറിയാം. ഞങ്ങളുടെ കൈയിൽ രേഖകൾ ഉണ്ട്. ഉചിതമായ സമയത്ത് അത് പരസ്യമാക്കും, അദ്ദേഹം പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ നടന്ന ക്രോസ് വോട്ടിങ്ങിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് എംഎൽഎമാർക്കും പങ്കുണ്ടെന്നും പാണ്ഡെ ആരോപിച്ചു. 'തീർച്ചയായും ഈ മൂന്നു പേരും അതിൽ ഉൾപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇതിനെ കൂട്ടായി എതിർക്കണം', പാണ്ഡെ കൂട്ടിച്ചേര്‍ത്തു