ന്യൂഡൽഹി: ഇസ്രയേൽ ആസ്ഥാനമായ എൻഎസ്‌ഒ ഗ്രൂപ്പിന്‍റെ പെഗാസസ് ചാര സോഫ്റ്റ്‌വെയർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖരുടെ ഫോൺ സംഭാഷണം ചോർത്തിയതായുള്ള ആരോപണത്തില്‍ രാജ്യവ്യാപക പ്രതിഷേധം ആസൂത്രണം ചെയ്ത് കോൺഗ്രസ് നേതൃത്വം. പാർലമെന്‍റിൽ വിഷയം ഉന്നയിക്കാനാണ് പാർട്ടി തീരുമാനം. രാഹുൽ ഗാന്ധി ഉപയോഗിച്ച രണ്ട് മൊബൈൽ ഫോൺ അക്കൗണ്ടുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
Also read: മണിപ്പൂർ കോൺഗ്രസ് പ്രസിഡന്‍റ് രാജിവച്ചു
സംഭവത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്താനും കോൺഗ്രസ് സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ലോക്സഭയിൽ ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിക്കും. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷ ചുമതലയുള്ള അമിത് ഷാ ഇതിന് ഉത്തരവാദിയാണെന്നും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കെതിരെ അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ് നേതൃത്വം തിങ്കളാഴ്ച പറഞ്ഞു.
കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, മുൻ സുരക്ഷ സേനാ മേധാവികൾ, കോൺഗ്രസിലെ മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ എന്നിവരുടെ ഫോൺ ചോർത്തിയത് ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണെന്ന് കോൺഗ്രസ് ആരോപിച്ചു.