ഗഡ്‌ചിരോളി : മഹാരാഷ്‌ട്രയില്‍ പത്ത് മാസത്തിനിടെ പതിമൂന്ന് പേരെ കൊന്ന കടുവയെ പിടികൂടി. വിദര്‍ഭ മേഖലയിലെ മൂന്ന് ജില്ലകളിലായി നിരവധി പേരുടെ ജീവനെടുത്ത സിടി-1 എന്ന് വിളിക്കുന്ന കടുവയെയാണ് വനം വകുപ്പ് പിടികൂടിയത്. ഗഡ്‌ചിരോളിയിലെ വഡസ വന മേഖലയില്‍ അലഞ്ഞുനടക്കുകയായിരുന്ന കടുവ മനുഷ്യ ജീവന് കടുത്ത ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ വഡസയില്‍ ആറ് പേരെയും ഭണ്ഡാര ജില്ലയില്‍ നാല് പേരെയും ചന്ദ്രപൂര്‍ ജില്ലയിലെ ബ്രഹ്മപുരി വന മേഖലയിലായി മൂന്ന് പേരെയുമാണ് കടുവ കൊന്നത്. ഒക്‌ടോബര്‍ നാലിന് ചേര്‍ന്ന യോഗത്തില്‍ നാഗ്‌പൂർ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (വൈല്‍ഡ്‌ലൈഫ്) കടുവയെ പിടികൂടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ തഡോബ ടൈഗര്‍ റെസ്‌ക്യു സംഘം, ചന്ദ്രപൂർ, നവേഗാവ്-നാഗ്‌സിറ എന്നിവിടങ്ങളിലെ റാപ്പിഡ് റെസ്‌പോണ്‍സ് സംഘങ്ങള്‍, മറ്റ് യൂണിറ്റുകള്‍ എന്നിവർ ചേര്‍ന്ന് വ്യാഴാഴ്‌ച (ഒക്‌ടോബർ 13) രാവിലെ വഡസ വന മേഖലയില്‍ നിന്ന് കടുവയെ കെണി വച്ച് പിടികൂടുകയായിരുന്നു. വഡസയില്‍ നിന്ന് 183 കിലോമീറ്റര്‍ അകലെയുള്ള നാഗ്‌പൂരിലെ ഗോരെവാഡ റെസ്‌ക്യു സെന്‍ററിലേയ്ക്ക് കടുവയെ മാറ്റിയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.