മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ മോശം പെരുമാറ്റത്തിന് മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി. സല്‍മാന്‍ ഖാനും അംഗരക്ഷകന്‍ നവാസ് ഷെയ്‌ഖും സമര്‍പ്പിച്ച അപേക്ഷകള്‍ അനുവദിനീയമാണെന്ന് അറിയിച്ചാണ് ജസ്‌റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് 2019 ലെ പരാതി റദ്ദാക്കിയത്. പരാതിയില്‍ കഴിഞ്ഞ വര്‍ഷം കീഴ്‌ക്കോടതി നല്‍കിയ സമന്‍സും ഹൈക്കോടതി റദ്ദാക്കി.
കേസ് വന്ന വഴി: മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയാണ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നും കാണിച്ച് സല്‍മാന്‍ ഖാനും അംഗരക്ഷകനുമെതിരെ കോടതിയെ സമീപിച്ചത്. 2022 മാര്‍ച്ചില്‍ ഇത് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി സല്‍മാന്‍ ഖാനോടും അംഗരക്ഷകന്‍ നവാസ് ഷെയ്‌ഖിനോടും ഏപ്രില്‍ അഞ്ചിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമന്‍സിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചു. ഇതുപ്രകാരം 2022 ഏപ്രില്‍ അഞ്ചിന് നടന്‍റെ ഹര്‍ജി പരിഗണിക്കുന്നത് വരെ ഹൈക്കോടതി സമന്‍സ് സ്‌റ്റേ ചെയ്യുകയായിരുന്നു. മാത്രമല്ല സമന്‍സ് ചോദ്യം ചെയ്‌ത് നവാസ് ഷെയ്‌ഖും ഹൈക്കോടതിയില്‍ ഹര്‍ജി സമിര്‍പ്പിച്ചിരുന്നു. ഇതിലും കീഴ്‌ക്കോടതിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയിലേക്ക്: സല്‍മാന്‍ ഖാനും അംഗരക്ഷകനും റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നത് ചിത്രീകരിച്ചതിന് ഇവര്‍ തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് 2019 ഏപ്രിലില്‍ ആണ് അശോക് പാണ്ഡെ രംഗത്തെത്തുന്നത്. ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിന് താരം തന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നും തുടര്‍ന്ന് തര്‍ക്കത്തിലേര്‍പ്പെടുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായെന്നും പാണ്ഡെ ആരോപിച്ചു. തുടര്‍ന്നാണ് നടനെതിരെ നടപടി ആവശ്യപ്പെട്ട് പാണ്ഡെ മജിസ്‌ട്രേറ്റിന് മുമ്പാകെ സ്വകാര്യ പരാതി സമര്‍പ്പിച്ചത്.
എന്നാല്‍ പാണ്ഡെയുടെ പരാതിയിൽ വൈരുദ്ധ്യങ്ങളും മെച്ചപ്പെടുത്തലുകളും ആവശ്യമുണ്ടെന്നും സംഭവം നടന്ന സമയത്ത് താൻ പാണ്ഡെയോട് ഒന്നും പറഞ്ഞില്ലെന്നും സല്‍മാന്‍ ഖാൻ തന്‍റെ ഹർജിയിൽ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504 (സമാധാന ലംഘനം ഉദ്ദേശിച്ചുള്ള അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തി സമർപ്പിച്ച പൊലീസ് റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ ആർ ഖാൻ, സല്‍മാന്‍ ഖാനും നവാസ് ഷെയ്‌ഖിനുമെതിരെ നടപടിയെടുക്കുകയായിരുന്നു.
അടുത്തിടെ ഭീഷണി സന്ദേശവും: ഇക്കഴിഞ്ഞ ദിവസം ഇ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍ എന്നീ ഗുണ്ടാസംഘത്തിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയാണ് പൊലീസ് താരത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇതുപ്രകാരം മുമ്പുള്ള സുരക്ഷകള്‍ക്ക് പുറമെ രണ്ട് അസിസ്‌റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടര്‍മാരും (എപിഐ) എട്ട് മുതൽ പത്ത് വരെ കോൺസ്‌റ്റബിൾമാരും സല്‍മാന്‍റെ സുരക്ഷയ്‌ക്കായി 24 മണിക്കൂറും കൂടെക്കാണുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ബുള്ളറ്റ് പ്രൂഫ് കാറും പേഴ്‌സണല്‍ സുരക്ഷ ജീവനക്കാരും ഉള്‍പ്പടെ മുമ്പുണ്ടായിരുന്ന വൈ പ്ലസ് കാറ്റഗറി സുരക്ഷയ്‌ക്ക് പുറമെയാണ് പൊലീസ് താരത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചത്. മാത്രമല്ല ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സബര്‍ബന്‍ ബന്ദ്രയിലുള്ള താരത്തിന്‍റെ ഗാലക്‌സി അപ്പാര്‍ട്‌മെന്‍റിന് പുറത്ത് ആരാധകര്‍ ഒത്തുകൂടുന്നതും പൊലീസ് നിയന്ത്രിച്ചിരുന്നു.